തിരുവനന്തപുരം: പ്രവാസിയായ മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ്. തൃശൂര്‍ മതിലകം സ്വദേശി ജുലാഷ് ബഷീറിനെയാണ് പൊലീസ് ആദരിച്ചത്.

സംഭവം ഇങ്ങനെ: ജുലാഷ് ബഷീറിന് ബര്‍ദുബായ് റഫയിലെ റോഡരികില്‍നിന്ന് 24,000 ദിര്‍ഹം കഴിഞ്ഞദിവസം കളഞ്ഞുകിട്ടി. ഉടന്‍ തന്നെ ദുബായ് പൊലീസിനെ വിവരമറിയിക്കുകയും അവരെത്തി ബാഗ് ഏറ്റുവാങ്ങുകയും ചെയ്തു. പണം കൂടാതെ ചാര്‍ജ് നഷ്ടപ്പെട്ട ഒരു പഴയ മൊബൈല്‍ ഫോണും ബാഗിലുണ്ടായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഫോണ്‍ ചാര്‍ജ് ചെയ്ത് അതില്‍ കണ്ട നമ്പറില്‍ വിളിച്ചു. ശിവകുമാര്‍ എന്നയാള്‍ ഫോണെടുക്കുകയും കളഞ്ഞുകിട്ടിയ ബാഗ് തന്റെ സ്ഥാപനത്തിലെ പാചകക്കാരന്‍ ശെല്‍വരാജിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഈ സന്തോഷവിവരം അറിഞ്ഞ് പണവും ഫോണും തിരികെ കൈപ്പറ്റാന്‍ ശിവകുമാറിനൊപ്പമാണ് ശെല്‍വരാജ് എത്തിയത്. ദുബായില്‍ 28 വര്‍ഷമായി ജോലി ചെയ്യുന്ന ശെല്‍വരാജിന്റെ ശമ്പളം പ്രതിമാസം 1,700ദിര്‍ഹമാണ്. രണ്ട് പെണ്‍മക്കളുണ്ട് ശെല്‍വരാജിന്. നാട്ടിലേക്ക് മടങ്ങാനും മകളുടെ വിവാഹം നടത്താനുമായി ചേര്‍ന്ന കുറി വിളിച്ച് കിട്ടിയ പണമാണ് നഷ്ടമായത്.

പണം നഷ്ടപ്പെട്ടത് കൈയിലിരുന്ന വലിയ ബാഗ് കീറിയതിനാലാണെന്ന് ശെല്‍വരാജ് പറയുന്നു. പണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ തമിഴ്‌നാട് സ്വദേശിയായ ശെല്‍വരാജിന്റെ രക്തസമ്മര്‍ദം കൂടുകയും ചെയ്തിരുന്നു.

റോഡില്‍ നിന്ന് കിട്ടിയ പണം സത്യസന്ധതയോടെ തിരികെയേല്‍പ്പിക്കാന്‍ സന്മനസ് കാണിച്ച ജുലാഷ് സത്യസന്ധതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നാണ് റഫാ പൊലീസ് പറയുന്നത്. കൂടാതെ റഫാ പൊലീസ് ജുലാഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.