കാരായി സഹോദരന്‍മാരോടുള്ള അനീതി: മഅ്ദനിയുടെ പ്രതികരണം

കണ്ണൂര്‍: വിചാരണ തടവുകാരുടെ കാര്യത്തില്‍ താന്‍ ഇനി നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി. ഫസല്‍ വധക്കേസില്‍ പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിഞ്ഞിട്ടും കാരായി സഹോദരന്മാര്‍ അനീതി നേരിടുന്നു എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മഅ്ദനിയുടെ പ്രതികരണം.

മഅ്ദനിയുടെ വാക്കുകള്‍ ഇങ്ങനെ: ‘വിചാരണ തടവുകാരുടെ കാര്യത്തില്‍ എന്റെ നിലപാട് ഇനി വ്യക്തമാക്കേണ്ട കാര്യമില്ല. ഞാന്‍ തന്നെ അനുഭവസ്ഥന്‍ ആണല്ലോ. അറസ്റ്റ് ചെയ്യപ്പെടുന്ന എല്ലാവരും നിരപരാധികളാണ് എന്ന് അഭിപ്രായമില്ല. എന്നാല്‍ നിരപരാധികളും അറസ്റ്റ് ചെയ്യപെടുന്നുണ്ട്. എനിക്കെതിരെ ഇപ്പോഴും സംഘടിതമായ ആക്രമണം നടക്കുന്നുണ്ടെന്ന് കരുതുന്നു.’

ഫാസിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഒരാളാണല്ലോ താന്‍ എന്നും ദളിത് മുസ്ലീം ഐക്യം എന്ന് കേരളത്തില്‍ ആദ്യമായി പറഞ്ഞത് താനും പിഡിപിയും ആയിരുന്നെന്നും മഅ്ദനി പറഞ്ഞു.
രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും മഅ്ദനി പറഞ്ഞു. സമാധാനത്തിന്റെ തുരുത്തായി രാജ്യത്ത് ഇന്നും അവശേഷിക്കുന്നത് കേരളം മാത്രമാണ്. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ചില ഗൂഡകേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനം തകര്‍ക്കാന്‍ അവര്‍ പ്രത്യേക അജണ്ടകള്‍ നടപ്പാക്കുകയാണെന്നും മഅ്ദനി പറഞ്ഞു. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തലശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തലശേരി നഗരസഭ ടൗണ്‍ഹാളില്‍ പന്ത്രണ്ട് മണിയോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. വൈകീട്ട് വധൂഗൃഹത്തിലെ സത്ക്കാരത്തിന് ശേഷം മഅ്ദനി കോഴിക്കോടേക്ക് തിരിച്ചു.

ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേത്യത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് മഅ്ദനിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 17 അംഗ കര്‍ണാടക പൊലീസിനാണ് സുരക്ഷാ ചുമതല. മുന്നു സിഐമാരുടെ കീഴിലായി നൂറിലേറെ പൊലീസുകാരെയാണ് വിവാഹം നടക്കുന്ന ടൗണ്‍ഹാളിലും പരിസരങ്ങളിലും നിയോഗിച്ചത്.

ഈ മാസം 19 വരെയാണ് മഅദനി കേരളത്തിലുണ്ടാവുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here