
തിരുവനന്തപുരം: കേരളത്തിനെതിരായ സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തരൂരിന്റെ പ്രതികരണം.
എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന ക്യാമ്പയിന്‍ സിഎംഒ കേരള എന്ന ട്വീറ്റര്‍ അക്കൗണ്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂരിന്റെ അഭിനന്ദനം. ഒന്നാമത് കേരളം തന്നെയെന്ന വസ്തുത മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെയാണ് തരൂര്‍ എംപി അഭിനന്ദിക്കുന്നത്. ഹിന്ദി സംസാരിക്കുന്നവരിലേക്കും എത്താന്‍ സാധിച്ചതില്‍ അഭിനന്ദനങ്ങള്‍ എന്നാണ് തരൂര്‍ അഭിനന്ദന ട്വീറ്റില്‍ പറയുന്നത്.
മുഖ്യമന്ത്രിയെ അഭിനന്ദിച്ച തരൂരിനും സോഷ്യല്‍മീഡിയയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വ്യാപകവ്യാജപ്രചരണങ്ങളാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഇതിനുള്ള കുതന്ത്രങ്ങളും അക്രമപരമ്പരകളും ആര്‍എസ്എസും പോഷക സംഘടനകളും ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള ജനത മനസറിഞ്ഞ് ഇതിനെല്ലാം മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
കേന്ദ്രഭരണമെന്ന ഉമ്മാക്കി കാട്ടി വിരട്ടരുതെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം പറഞ്ഞിട്ടും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്നാണ് സംഘപരിവാറിന്റെ പ്രചരണങ്ങള്‍. എന്നാല്‍ ഇതിന് എല്ലാം കൃത്യമായ മറുപടിയാണ് എന്തുകൊണ്ട് കേരളം നമ്പര്‍ വണ്‍ ആകുന്നു എന്ന ക്യാമ്പയിലൂടെ കേരളത്തിലെ ഇടതുസര്‍ക്കാര്‍ നല്‍കുന്നത്.
കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വലിയ തോതില്‍ പ്രതിഷേധമായി ക്യാമ്പയിന്‍ മാറിക്കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായ ഒരു സംസ്ഥാനത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഇതോടെ ശക്തമായിട്ടുണ്ട്. രാജ്യത്തെ അമ്പരപ്പിക്കുന്ന ക്യാമ്പയിന്‍ കോണ്‍ഗ്രസ് എംപി കൂടി ഏറ്റെടുത്തതോടെ സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ നീക്കത്തിന് ശക്തമായ അടി തന്നെയാണ് ലഭിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here