ദിലീപ് രണ്ടാം പ്രതി? കേസില്‍ രണ്ടു പേരുടെ അറസ്റ്റ് കൂടി; കുറ്റപത്രം ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതിനും ഗൂഢാലോചനയില്‍ പങ്കാളിയായതിനുമാണ് ദിലീപിനെ രണ്ടാം പ്രതിയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.

ജിഷ വധക്കേസില്‍ കുറ്റപത്രം തയ്യാറാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസിലും കുറ്റപത്രം തയ്യാറാക്കുന്നത്. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും. കേസില്‍ ഇനിയും രണ്ട് അറസ്റ്റുകള്‍ കൂടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. ദിലീപിനായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹര്‍ജി ഫയല്‍ ചെയ്യുക. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുകയും കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലും കണ്ടെത്താത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. മൊബൈല്‍ കത്തിച്ചുകളഞ്ഞതായി സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രദീഷ് ചാക്കോ നല്‍കിയ മൊഴിയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. മാത്രമല്ല, അന്വേഷണം അവസാനഘട്ടത്തിലാണെന്നും പ്രതിഭാഗം വാദം ഉയര്‍ത്തും.

നേരത്തേ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ ബി രാമന്‍പിളള ഹൈക്കോടതിയില്‍ വാദിക്കും. അഡ്വ. കെ രാംകുമാര്‍ വക്കാലത്ത് ഒഴിഞ്ഞാണ് ബി രാമന്‍പിള്ള ദിലീപിനായി ഹാജരാവുന്നത്. കേസിലെ ഇപ്പോഴത്തെ പുരോഗതിയും അപ്പുണ്ണി, പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരില്‍ നിന്നെടുത്ത മൊഴികളും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റെയും മഞ്ജുവാര്യരുടെയും അടുത്ത ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ നിര്‍ണായക മൊഴികള്‍ കൂടി ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News