മട്ടന്നൂരില്‍ എല്‍ഡിഎഫിന് ചരിത്രജയം; അഞ്ചാംവട്ടവും വിജയം; ഏഴു സീറ്റു കൂടി പിടിച്ചെടുത്തു; യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടി

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് വന്‍വിജയം. 35ല്‍ 28 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാന്‍ സാധിച്ചത്. ബിജെപിക്ക് ഒരു വാര്‍ഡില്‍ പോലും ജയിക്കാനായില്ല.

കഴിഞ്ഞ തവണ 21 സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി പിടിച്ചെടുത്താണ് ചരിത്രംകുറിച്ചത്. ഏളന്നൂര്‍, ആണിക്കേരി, കളറോഡ്, മേറ്റടി, നാലാങ്കേരി, ഉത്തിയൂര്‍, കോളാരി എന്നിവയാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. 20 വര്‍ഷമായി നഗരസഭയില്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് എല്‍ഡിഎഫിന്റെ ഈ വിജയം.

ജനക്ഷേമ ഭരണവുമായി ഒരുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാണ് ഈ ഫലം. നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. നാലാം ഭരണസമിതി നടപ്പാക്കിയ 200 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായപ്പോള്‍ എതിര്‍ക്കാനാവാതെ യുഡിഎഫും ബിജെപിയും പ്രതിരോധത്തിലായി.

ബിജെപിയുയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിയും ആക്രമണങ്ങളും പ്രചാരണവിഷയമായിരുന്നു. ഗതാഗത മേഖലയിലും ആരോഗ്യമേഖലയിലും നഗരസഭാ ഭരണസമിതി നടപ്പാക്കിയ വികസന പദ്ധതികള്‍ എതിരാളികള്‍ക്കിടയിലും എല്‍ഡിഎഫിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. എല്‍ഡിഎഫില്‍ സിപിഐഎം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മത്സരിച്ചത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് 25, മുസ്ലിംലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലും മത്സരിച്ചു. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

35 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 82.91 ശതമാനം പോളിങ്ങാണ് നടന്നിട്ടുള്ളത്. വാര്‍ഡുകളില്‍ 93.4 ശതമാനം വോട്ട് പോള്‍ ചെയ്ത മേറ്റടിയാണ് ഒന്നാമത്. 70.76 ശതമാനം പേര്‍ വോട്ട് ചെയ്ത മിനി നഗര്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News