ചട്ടം മറികടന്നും വ്യാജ രേഖകള്‍ ചമച്ചും അഴിമതി ;സെന്‍കുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീകാര്യം സ്വദേശിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോണ്‍ നല്‍കി,കൃതൃമ രേഖകള്‍ ചമച്ച് മെഡിക്കല്‍ ലീവില്‍ നില്‍ക്കെ ശബളം വാങ്ങാന്‍ ശ്രമിച്ചു എന്നീ ആരോപങ്ങള്‍ ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 26 നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 2010 ല്‍ കെ ടി ഡി എഫ് സി മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീകാര്യം സ്വദ്ദേശിയായ സലീം എന്നയാള്‍ക്ക് ക്രമവിരുദ്ധമായി 50 കോടി രൂപ വായ്പ്പ അനുവദിച്ച സംഭവത്തിലാണ് ടിപി സെന്‍കുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി വന്നിരിക്കുന്നത്.

ഒരു വ്യക്തിക്ക് പരമാവധി അനുവദിക്കാവുന്ന വായ്പ്പ 10 കോടിയാണെന്നിരിക്കെ കാര്‍പാലസ് സ്ഥാപന ഉടമ സലീംമിന് മാനദണ്ഢങ്ങള്‍ മറികടക്കുന്നതിന് വേണ്ടി അഞ്ച് തവണയായി ട്ിപിസെന്‍കുമാര്‍ 50 കോടി വായ്പ്പ നല്‍കി. ആദ്യ രണ്ട് തവണകളിലെ തിരിച്ചടവ് മുടങ്ങിയാല്‍ ബാക്കി തുക അനുവദിക്കരുതെന്ന ബോര്‍ഡിന്റെ ചട്ടം മറികടന്നാണ് സെന്‍കുമാര്‍ ആറ് മാസത്തിനിടെ 50 കോടി രൂപ വായ്പ്പ അനുവദിച്ചത്.

എന്നാല്‍ വായ്പ്പ വാങ്ങിയ സലീം ഈ തുക തിരിച്ചടക്കാതിനെ തുടര്‍ന്ന് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി .വായ്പ്പ അനുവദിക്കുന്നതില്‍ മാനേജിംഗ് ഡയക്ടറുടെ പ്രത്യേക താല്‍പര്യം അഴിമതിയാണെന്നാണ് ഹര്‍ജിക്കാരനായ എ.ജെ സുക്കാര്‍ണ്ണോയുടെ പരാതിയില്‍ പറയുന്നത്.

ഒപ്പം സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരുന്നു.മെഡിക്കല്‍ അവധിയിലാണ് അദ്ദേഹം പ്രവേശിച്ചത്.

ഇതിനായി സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെന്നാണ് പരാതികാരന്റെ ആരോപണം. തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ അദ്ദേഹം കിടന്നു എന്ന് സെന്‍കുമാര്‍ പറയുന്ന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ എറണാകുളത്തും ,മറ്റ് പലസ്ഥലങ്ങളിലുമാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

കൃതൃമരേഖകള്‍ ചമച്ചത് ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ വി.കെ അജിത്ത്കുമാറിന്റെ സഹായത്തോടെയാണെന്നും .അതിനാല്‍ അദ്ദേഹത്തിനെതിരെയും നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു. കെടി ഡിഎഫ്‌സി ചീഫ് അക്കൗണ്ടസ് ഓഫീസര്‍ ടി.കെ രഘുവരന്‍, കാര്‍പാലസ് ഉടമ സലീം, ആയുര്‍വേദ കോളജ് അധ്യാപകന്‍ വികെ അജിത്ത്കുമാര്‍ എന്നീവരാണ് കേസിലെ എതിര്‍കക്ഷികള്‍.

മുന്‍ കൗണ്‍സിലര്‍ എജെ സുക്കാര്‍ണോ ആണ് കേസിലെ പരാതിക്കാരന്‍ . അഡ്വക്കേറ്റ് ചന്ദ്രശേഖരന്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേസില്‍ ഈ മാസം 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here