സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു

സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും പ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ നിയന്ത്രണം. കേരള ക്ലിനിക്കല്‍ എസ്റ്റാറ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചികിത്സാ പിഴവും ഫീസിലെ ചൂഷണവും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ആരോഗ്യ സ്ഥാപനങ്ങളെയാകെ രജിസ്‌ട്രേഷന് കീഴില്‍ കൊണ്ടുവരാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും ചൂഷണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് മേല്‍ സര്‍ക്കാരിന്റെ നിരീക്ഷണവും നിയന്ത്രണവുമായി കേരള ക്ലിനിക്കല്‍ എസ്റ്റാറ്റാബ്ലിഷ്‌മെന്റ് നിയമം വരുന്നത്. ചികിത്സയ്ക്ക് 70 ശതമാനം കേരളീയരും ആശ്രയിക്കുന്നത് സ്വകാര്യ മേഖലയെയാണ്.

ആശുപത്രികളുടേയും ലാബുകളുടെയും കൊള്ള സംബന്ധിച്ച പരാതികളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നിയമം ഇതിനു പരിഹാരമാകുമെന്ന് ആരോര്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇവയാണ്. ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ക്ക് കുറഞ്ഞ ഫീസ്. എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍. പ്രതിരോധ വകുപ്പിന്റെ ആശുപത്രികള്‍ ഒഴികെ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ഇതു ബാധകമാകും.

ലൈസന്‍സ് നല്‍കുന്നതിന് സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കും. സൗകര്യങ്ങള്‍ അനുസരിച്ച് സ്ഥാപനങ്ങളെ തരംതിരിക്കും. ഒരേ സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങളിലെ സമാന സേവനങ്ങള്‍ക്ക് ഏകീകൃത ഫീസാകും. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോഴാകും ആശുപത്രികളുടെ തരം തിരിക്കല്‍,ചികിത്സാ നിരക്ക് എന്നിവ തീരുമാനിക്കുക.

സേവനവും ചെലവും സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ യോഗ്യത സര്‍ക്കാരാകും നിശ്ചയിക്കുക. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 10,000 തുടര്‍ന്ന് 50,000 പിന്നെയും ആവര്‍ത്തിച്ചാല്‍ 5 ലക്ഷം എന്നിങ്ങനെ കര്‍ശന നടപടിയും ബില്‍ വിഭാവനം ചെയ്യുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സബ് ജക്ട് കമ്മിറ്റി വിടണമെന്നും എത്രയും വേഗം നിയമമാക്കണമെന്നും ഉള്ള ആര്‍.രാജേഷിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഈ സമ്മേളന കാലയളവില്‍ത്തന്നെ ബില്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News