പൊലീസിനെ പ്രതിരോധത്തിലാക്കി ദിലീപ്; ജയിലില്‍ ഒരു മാസം പിന്നിട്ട താരത്തെ പുറത്തിറക്കാന്‍ പുതിയ വാദങ്ങളുമായി ജാമ്യഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. സിനിമയിലെ പ്രബലരായ ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പള്‍സര്‍ സുനിയെ ജീവിതത്തില്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും പറയുന്ന ഹര്‍ജി മാധ്യമങ്ങളെയും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയനേതാക്കളെയും ഗൂഡാലോചന നടത്തിയവര്‍ സ്വാധീനിച്ചെന്നും പറയുന്നു.

അഡ്വക്കേറ്റ് രാമന്‍ പിള്ള മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ സിനിമാ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. അന്വേഷണവുമായി താന്‍ പൂര്‍ണായും സഹകരിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്. 50 കോടി രൂപയോളം ഇതിനായി മുടക്കിയെന്നും അപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഫോണില്‍ വിളിച്ച കാര്യം സംസ്ഥാന പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെഹ്‌റയുടെ സ്വന്തം നമ്പറിലേക്ക് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. സുനിയുടെ സംഭാഷണം അടക്കം ഡി.ജി.പിക്ക് കൈമാറുകയും ചെയ്തുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷ വ്യക്തമാക്കുന്നു.

1.5 കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനി കത്തയച്ച ദിവസം തന്നെ അത് വാട്‌സ് ആപ്പ് വഴി ഡി.ജി.പിക്ക് കൈമാറിയെന്നും ദിലീപ് പറയുന്നു. പുതിയ വാദങ്ങളും വെളിപ്പെടുത്തലുകളും പൊലീസിനെ പ്രതിരോധത്തിലാക്കുന്നതാണ്. സുനി വിളിച്ച് പണം ആവശ്യപ്പെട്ട് 20 ദിവസത്തിന് ശേഷമാണ് ദിലീപ് പരാതി നല്‍കിയതെന്നായിരുന്നു പൊലീസിന്റെ നിലപാട്.

ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാകാനുളളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായത് ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെപോലും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. തന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ കാര്യവും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ്‌രേഖപ്പെടുത്തിയ കാര്യവും ജാമ്യാപേക്ഷയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ താന്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്താത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ തന്നെ തുടര്‍ന്നും സൂക്ഷിക്കുന്നത് അനീതിയാണെന്നും ദിലീപ് പറയുന്നു.

പള്‍സര്‍ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോള്‍ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നും പറയുന്നു. തനിക്കെതിരെ മലയാള സിനിമയില്‍ നടന്ന വമ്പന്‍ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമന്‍ പിള്ള നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

താന്‍ ജയിലില്‍ ആയതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകള്‍ പ്രതിസന്ധിയിലാണ്. 50 കോടിയോളം സിനിമകള്‍ ഇതിനായി മുടക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണവുമായിതാന്‍ താന്‍ പൂര്‍ണ്ണമായി സഹകരിച്ചു. ഈ അവസരത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.

ദിലീപ് ജയിലിലായിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ ജാമ്യ ഹര്‍ജിയുമായി രാമന്‍പിള്ള രംഗത്തെത്തിയിത്. ദിലീപിന്റെ ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News