രാജ്യത്ത് അസ്വസ്ഥത പടര്‍ത്തരുത്; കേന്ദ്രസര്‍ക്കാരിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ വിമര്‍ശനം

ദില്ലി: കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ വിടവാങ്ങല്‍ പ്രസംഗം. സര്‍ക്കാറിനെ സ്വതന്ത്രമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളെ അനുവദിച്ചില്ലെങ്കില്‍ ജനാധിപത്യം ദൂര്‍ഭരണത്തിലേക്ക് വഴിമാറുമെന്ന് അന്‍സാരി പറഞ്ഞു. രാജ്യത്തെ മൂസ്ലീങ്ങള്‍ക്കിടയില്‍ അസ്വസ്ഥത നിലനില്‍ക്കുന്നതായും ബീഫ് നിരോധനവും ആള്‍ക്കൂട്ട ആക്രമണവുമെല്ലാം അതിന് കാരണമാകുന്നുവെന്നും രാജ്യസഭ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്‍സാരി ചൂണ്ടിക്കാട്ടി.

പത്ത് വര്‍ഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന ഹമീദ് അന്‍സാരിക്ക് രാജ്യസഭ ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്. വിടവാങ്ങള്‍ പ്രസംഗം നടത്തിയ ഹമീദ് അന്‍സാരി കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ നയങ്ങളെ സ്വതന്ത്രമായി വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമല്ല.ഇത്തരം പ്രവണതകള്‍ ജനാധിപത്യം ദുര്‍ഭരണത്തിലേക്ക് വഴി മാറുന്നതിന് വഴിവെയ്ക്കും.

ന്യൂനപക്ഷത്തിന് നല്‍കുന്ന സംരക്ഷണത്തിലൂടെയാണ് ജനാധിപത്യം സമുന്നതമാകുന്നത്. അതേസമയം തന്നെ ന്യൂനപക്ഷങ്ങള്‍ക്കും അവരവരുടേതായ ഉത്തരവാദിത്വം ഉണ്ടെന്നും ഹമീദ് അന്‍സാരി പറഞ്ഞു. വിടവാങ്ങലിനു മുമ്പായി രാജ്യസഭ ടി വി ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തെ മുസ്ലീങ്ങല്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയത്. അസഹിഷ്ണുത കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ട്. ആള്‍ക്കൂട്ട ആക്രമണം,ബീഫ് നിരോധനം,സദാചാര ഗുണ്ടായിസം തുടങ്ങിയവയെല്ലാം അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

എല്ലാവരെയും അംഗീകരിക്കുക എന്ന ഇന്ത്യക്കാരുടെ മനോഭാവത്തിന് കോട്ടം തട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാകകി.രാജ്യസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിക്ക് ആശംസകള്‍ നേര്‍ന്നു.ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനമായിരുന്നു അന്‍സാരിയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.രാജ്യസഭയില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തടഞ്ഞതിന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹമീദ് അന്‍സാരിയെ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here