അബുദാബിയില്‍ വീട്ടുടമയുടെ ക്രൂരമര്‍ദനത്തിന് ഇരയായി വീട്ടു തടങ്കലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ യുവതിക്ക് ഒടുവില്‍ മോചനം

അബുദാബി; പൊലീസിന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര ശ്രമ ഫലമായാണ് ബെംഗളൂരു സ്വദേശി സുല്‍ത്താനയെ രക്ഷിച്ചത്. പ്രാദേശിക സര്‍ക്കാര്‍ അതോറിറ്റികളുടെ സഹായത്തോടെ ഇവരെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടുമാസം മുന്‍പ് ആണ് സുല്‍ത്താന റിക്രൂട്ടിങ് ഏജന്റ് വഴി അബുദാബിയില്‍ ജോലിക്കെത്തിയത്.
വീട്ടുടമയുടെ മര്‍ദനം സഹിക്കാനാകാതെ യുവതി രക്ഷപ്പെടാന്‍ വേണ്ടി ഈ മാസം മൂന്നിന് അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് സഹായിക്കാന്‍ തയ്യാറാകാതെ രണ്ടു ദിവസം കഴിഞ്ഞു വരാനാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരെ അറിയിച്ചത്. എംബസിയില്‍ നിന്ന് മടങ്ങിയ യുവതിയെ, ജോലിക്ക് കൊണ്ടു വന്ന റിക്രൂട്ടിങ് ഏജന്റ് കൊണ്ടു പോവുകയും യുവതിയെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ മറ്റു ജോലി കണ്ടെത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
അബുദാബിയിലെ ഒരു അപാര്‍ട്ട്‌മെന്റിലെ അടുക്കളയില്‍ ഇവരെ അടച്ചുപൂട്ടുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്നും യുവതി ഇന്ത്യയിലുള്ള സുഹൃത്തുക്കളെയും ബെംഗളൂരുവിലെ അഭിഭാഷകനായ ദര്‍ശന മിത്ര, സാമൂഹിക പ്രവര്‍ത്തക കാവേരി മെഡപ്പ എന്നിവരെയും അറിയിച്ചു. ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ഇവരെ ഇന്ത്യയിലേക്ക് മടങ്ങാന്‍ റിക്രൂട്ടിങ് ഏജന്റ് അനുവദിക്കുന്നില്ലെന്നും യുവതി മര്‍ദനത്തിനിരയായി കഴിയുകയും ചെയ്യുകയാണെന്നു കാണിച്ച് സാമൂഹിക പ്രവര്‍ത്തകര്‍ ഫേസ് ബുക്ക് വഴിയും ഇ മെയില്‍ വഴിയും നടത്തിയ ഇടപെടലിനോടുവിലാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ടത്.
പിന്നീട് പ്രാദേശിക അധികൃതരുടെ സഹായത്തോടെ സുല്‍ത്താനയെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കിയ യുവതി ഇപ്പോള്‍ വനിതാ അഭയകേന്ദ്രത്തിലാണ് ഉള്ളത്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഇവര്‍ ഏതാനും ദിവസത്തേയ്ക്ക് യുഎഇയില്‍ തുടരേണ്ടിവരുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News