കണ്ട്; വിചാരണ ചെയ്ത്; വിധി പറയേണ്ടത് നിങ്ങളാണ്;സലീം കുമാര്‍

നടന്‍ സലിം കുമാര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കറുത്ത ജൂതന്‍’ എന്ന സിനിമ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 18ന് തിയറ്ററുകളിലെത്തുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് എല്‍.ജെ ഫിലിംസ് ആണ്. ചിത്രത്തിന്റെ ട്രൈലറും സലിംകുമാര്‍ പുറത്തുവിട്ടു.


ചിത്രത്തെക്കുറിച്ച് സലിം കുമാര്‍ പറയുന്നതിങ്ങനെ

ചരിത്രം കേരള ജനതയോട് പറയാന്‍ മറന്നുപോയ കഥയാണ് കറുത്ത ജൂതരുടേത്. മലയാളത്തില്‍ ജൂത സമൂഹത്തിന്റെ കഥ പറയാന്‍ സിനിമയായാലും, സാഹിത്യമായാലും (നോവലിസ്റ്റ് സേതു ഒഴികെ ) നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ ‘പരദേശി ജൂതന്മാര്‍ ‘ അഥവാ വെളുത്ത ജൂതന്മാരുടെ ജൂതതെരുവിലേക്കും , സെനഗോഗിലേക്കും (ആരാധനാലയം) അവരുടെ ജീവിതകഥകളിലേക്കും മാത്രമാണ്.
എന്നാല്‍ 2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂര്‍) തുറമുഖത്ത് എത്തുകയും 2500 വര്‍ഷക്കാലം മലയാള മണ്ണില്‍ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേല്‍ ഭരണകൂടത്തിന്റെ വിളി വന്നപ്പോള്‍ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരുടെ കഥ നമ്മോടു പറഞ്ഞുതരാന്‍ ചരിത്രം എന്തുകൊണ്ടോ മറന്നു , അല്ലെങ്കില്‍ മനഃപൂര്‍വ്വം നമ്മളില്‍ നിന്നും മറച്ചുവെച്ചു.
ഇരു കൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളാണെങ്കിലും (യാക്കൂബിന്റെ മറ്റൊരു പേരാണ് ഇസ്രായേല്‍ എന്നത്) ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവന്‍ എന്നും കറുത്തവന്‍ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കല്‍കൂടി യാഥാര്‍ഥ്യമാവുകയായിരുന്നു.
ഇപ്പോള്‍ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞപ്പോള്‍ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതന്‍ ‘ എന്ന സിനിമയായി പരിണമിച്ചത്. ബാല്യകാലത്ത് എന്റെ അയല്‍ക്കാരായി വടക്കന്‍ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന, ഇന്ന് ഇസ്രായേലില്‍ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള എന്റെ സ്‌നേഹാദരവാണ് ‘കറുത്ത ജൂതന്‍ ‘.
കൊളോണിയല്‍ കാലഘട്ടത്തില്‍ നമ്മളെ കൊണ്ട് വേല ചെയ്യിക്കാന്‍ വെള്ളക്കാരന്റെ അജ്!ഞാനുവര്‍ത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി ജൂതര്‍ അഥവാ വെളുത്ത ജൂതരെ നാം ആഘോഷിക്കുമ്പോള്‍ , ബാബിലോണിയ , അസ്സീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവര്‍ത്തിമാരുടെ നിരന്തര ആക്രമണങ്ങളില്‍ ഭയന്ന് പ്രാണരക്ഷാര്‍ത്ഥം നമ്മുടെ മണ്ണില്‍ അഭയംതേടി , പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താന്‍ , അവര്‍ നമുക്ക് തന്ന സംസ്!ക്കാരങ്ങള്‍ അടയാളപ്പെടുത്താന്‍ ചരിത്രകാരന്മാര്‍ എന്തിനാണ് മടിച്ചതു . ഇതിനോടുള്ള എന്റെ വിയോജനകുറിപ്പാണ് ‘കറുത്ത ജൂതന്‍ ‘ എന്ന ഈ സിനിമ.
ഇത് ഒരു അവാര്‍ഡ് സിനിമയല്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമ. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഒരു കൊച്ചു സിനിമ. ഒരു ജൂതന്റെയും മുസല്‍മാന്റെയും സൗഹൃദത്തിന്റെ അപൂര്‍വ കഥ പറയുന്ന സിനിമ. കാണണം എന്ന് പറയാനേ എനിക്ക് ഇപ്പോള്‍ നിര്‍വ്വാഹമുള്ളു …കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവര്‍ നിങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News