ലോക ആനദിനം; ചില ഓര്‍മ്മപ്പെടുത്തലുകള്‍

തൃശൂര്‍: ഇന്ന് ലോക ആന ദിനം. ആനക്കൊമ്പ് വേട്ടയും ആവാസ വ്യവസ്ഥയുടെ നാശത്തിനും പുറമെ പീഡനങ്ങള്‍ മൂലവും വംശനാശ ഭീഷണി നേരിടുകയാണ് ഭൂമുഖത്തെ ആനകള്‍. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് വന്യ ജീവിയെന്ന പരിഗണ പോലും നല്‍കാതെയുള്ള മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. വര്‍ഷാവര്‍ഷം ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്

വലിപ്പത്തില്‍ ഭീമനാണെങ്കിലും പ്രാചീന കാലംമുതല്‍ മനുഷ്യന്റെ വരുതിക്ക് വഴങ്ങി പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ജീവി വര്‍ഗ്ഗമാണ് ആനകള്‍. കാട്ടില്‍ വാരിക്കുഴികളും കെണികളുമൊരുക്കി നാട്ടിലെത്തിച്ച് മെരുക്കിയെടുക്കുന്ന ആനകളെ, ജീവിതാവസാനം വരെ കൂച്ചുവിലങ്ങുകളാല്‍ ബന്ധിക്കുന്നിടത്ത് തീരുന്നതല്ല ഉപദ്രവങ്ങള്‍. ഭാരം വലിക്കാനും വിശ്രമമില്ലാതെ ഉത്സവ പറമ്പുകളിലെ പൊരിവെയിലില്‍ കാഴ്ച്ചവസ്തുവാകാനും മടികാണിച്ചാല്‍ മര്‍ദ്ദനമുള്‍പ്പെടെ ഏറ്റുവാങ്ങേണ്ടിവരും.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അഞ്ഞൂറ്റിയറുപത് നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. മുപ്പത്തിരണ്ട് നാട്ടാനകള്‍ സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യങ്ങളില്‍ ചെരിഞ്ഞു. ഇതില്‍ പത്തെണ്ണവും തൃശൂര്‍ ജില്ലയിലാണ്. മനുഷ്യരുടെ സാമ്രാജ്യത്തില്‍ കടക്കാതെ വനത്തിനുള്ളില്‍ കഴിയുന്ന ആനകള്‍ക്കും പീഡനങ്ങളില്‍ നിന്ന് രക്ഷയില്ലാത്ത കാലമാണ്. വേട്ടയും വനവിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ 179 കാട്ടാനകളാണ് ചരിഞ്ഞത്. ഇതില്‍ എന്‍പത്തിരണ്ട് എണ്ണം ഇലക്ട്രിക് ഷോക്കേറ്റും, പന്ത്രണ്ട് ആനകള്‍ നായാട്ടുകാരുടെ ഇരയായും അറുപതെണ്ണം സ്‌ഫോടക വസ്തുക്കള്‍ കഴിച്ചുമാണ് ചരിഞ്ഞത്.

ആനകള്‍ നാട്ടിലിറങ്ങിയാല്‍ ജനങ്ങള്‍ ഉപദ്രവിക്കാതെ അവയെ വനത്തില്‍ തിരികെ അയക്കാനുള്ള സംവിധാനങ്ങള്‍ നമുക്കില്ലെന്നതും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായി. ആനത്താരകള്‍ വികസിപ്പിക്കാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും ഇതുവരെ നടപ്പായിട്ടില്ല. ആനപ്രേമികളെന്ന് മേനിടനിക്കുന്ന മലയാളികള്‍, അവയും ഭൂമിയിലെ ജീവിവര്‍ഗ്ഗമാണെന്ന തിരിച്ചറിവു നേടുന്നിടത്ത് മാത്രമെ പീഡനങ്ങള്‍ക്ക് അവസാനമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here