അര്‍ബുദ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് വിദ്യാര്‍ഥിനികള്‍; കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മാതൃകയാകുന്നു

കാസര്‍കോട് : അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി ദാനം ചെയ്ത് വിദ്യാര്‍ഥിനികളുടെ മാതൃക. കാസര്‍കോട് ഗവ. കോളേജില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ 104 വിദ്യാര്‍ഥിനികളും 4 അധ്യാപികമാരുമാണ് മുടി മുറിച്ച് ദാനം ചെയ്തത്.15 സെന്റിമീറ്റര്‍ മുതല്‍ അരമീറ്റര്‍ വരെ ദൈര്‍ഘ്യത്തില്‍ വിദ്യാര്‍ഥികള്‍ മുടി ദാനം ചെയ്തു.

എസ് എഫ് ഐ യൂണിറ്റ് നേതൃത്വം നല്‍കുന്ന കൂട്ടായ്മയായ മാതൃകം സംഘടനയാണ് മുടിദാനത്തിന് നേതൃത്വം നല്‍കിയത്. 55 വിദ്യാര്‍ഥിനികളാണ് മുടിദാനം ചെയ്യുവാന്‍ സമ്മതം അറിയിച്ചിരുന്നത്.

മുടി മുറിച്ചു തുടങ്ങിയപ്പോള്‍ ആവേശഭരിതരായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ മുടി ദാനം ചെയ്യാന്‍ സന്നദ്ധരായി. തുടര്‍ന്ന് നാല് അധ്യാപികമാരും മുടി മുറിച്ചുനല്‍കി.
ബ്യൂട്ടീഷന്‍ സിത്താരയും സഹായി ലതയും ചേര്‍ന്നാണ് മുടി മുറിച്ച് മനോഹരമായി പായ്ക്ക് ചെയ്തത്. ഇവ തൃശൂരിലെ ഹെയര്‍ ബാങ്കില്‍ എത്തിക്കും.

അര്‍ബുദ രോഗികള്‍ക്കായി ഈ മുടി ഉപയോഗിച്ച് വിഗ് നിര്‍മ്മിക്കുന്നത് ചെന്നൈയിലാണ്. മുടി ദാന ക്യാമ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വിനയന്‍, മാതൃകം കണ്‍വീനര്‍ ടി എന്‍ നേഹ, എസ് എഫ് ഐ സംസ്ഥാന സമിതി അംഗം ബി വൈശാഖ് എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News