യുപിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 63; ഇന്ന് 3 കുട്ടികള്‍ കൂടി മരിച്ചു

യുപിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 63 ആയി. ഇന്ന് 3 കുട്ടികള്‍ കൂടി മരിച്ചു. ഓക്സിജന്‍ വിതരണം നിലക്കുമെന്ന മുന്നറിയിപ്പ് നല്‍കി യുപി ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍ നേരത്തെ നല്‍കിയ കത്ത് പുറത്ത് വന്നു. എന്നാല്‍ 7 മരണം മാത്രം നടന്നിട്ടുള്ളുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുപിയില്‍ വന്‍ പ്രതിഷേധം. ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ഖോരക്പൂരിലെ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

കഴിഞ്ഞ 48 മണിക്കൂറിനിടെ 30 കൂട്ടികള്‍ മരിച്ചതിന് പിന്നാലെ 3 കൂട്ടികള്‍ കൂടി ശുദ്ധവായു കിട്ടാതെ മരണത്തിന് കീഴടങ്ങി. ഇക്കഴിഞ്ഞ 7 ആം തിയതി മുതല്‍ ഇന്നലെ വരെ അഞ്ച് ദിവസത്തിനുള്ളില്‍ 60 പേര്‍ മരിച്ചുവെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.

മരിച്ചവരില്‍ 17 നവജാതശിശുക്കളും ഉള്‍പ്പെടുന്നു. മസ്തിഷ്‌ക്ക വീക്കത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് കുട്ടികളും മരിച്ചിട്ടുണ്ട്.

ഓക്സിജന്‍ വിതരണം നിലച്ചതാണ് 63 മരണത്തിന് കാരണമെന്ന് മെഡ്ക്കല്‍ കോള്ജ് ഡി.എം.രാജീവ് റൗത്താല അറിയിച്ചു. ഓക്സിജന്റെ കുറവ് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ രണ്ട് തവണ ആരോഗ്യവകുപ്പിന് നല്‍കിയ കത്തും പുറത്ത് വന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് അവഗണിച്ചു.

കത്തിന് മറുപടി പോലും ആശുപത്രിയിക്ക് നല്‍കിയില്ല. 9ആം തിയതി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം നേരിട്ട് പറഞ്ഞെങ്കിലും മുഖ്യമന്ത്രിയും അവഗണിച്ചു.

എന്നാല്‍ ആരോപണങ്ങളെല്ലാം സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് നിഷേധിച്ചു. മുഖ്യമന്ത്രിയെ ആരും വിവരം ധരിപ്പിച്ചിട്ടില്ല. ഓക്സിജന്‍ പ്രശ്നത്തെ തുടര്‍ന്ന് വെറും ഏഴ് കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.അതേ സമയം മെഡിക്കല്‍ കോളേജില്‍ ഗുലാംനമ്പി ആസാദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം സന്ദര്‍ശനം നടത്തി.

സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയാണന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.മരിച്ച കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധം നടത്തുമെന്ന് ഭയന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തില്‍ സംസ്ഥാനത്ത് ഉടനീളം എതിര്‍പ്പ് ശക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News