കോഴിക്കോട്; ജിഷ്ണു കേസ് ഉടന്‍ സി ബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. കേസേറ്റെടുക്കാന്‍ സി ബി ഐ കൂടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സി ബി ഐ ക്കും ജിഷ്ണുവിന്റെ കുടുംബം കത്തയക്കും.
ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ ജിഷ്ണുവിന്റെ മരണം സി ബി ഐ അന്വേഷണത്തിന് വിട്ടിരുന്നു. എന്നാല്‍ കേസേറ്റെടുക്കാന്‍ ആദ്യം രണ്ടാഴ്ചയും പിന്നീട് 4 ആഴ്ചയും സി ബി ഐ സമയം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ജിഷ്ണുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

സി ബി ഐ കേസ് ഏറ്റെടുക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് സഹായകമാകുമെന്ന് ജിഷ്ണുവിന്റെ കുടുംബം കരുതുന്നു. അന്വേഷണം ഉടന്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ ക്ക് കത്തയക്കുമെന്നും ജി്ഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് വ്യക്തമാക്കി.

പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായും ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. വ്യാജ ആത്മഹത്യാ കുറിപ്പ് ഇതിന്റെ തെളിവാണെന്നും കുടുംബം പറയുന്നു. കേസന്വേഷണത്തില്‍ നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ സിബിഐ പിന്‍വാങ്ങുന്നത് ഒഴിവാക്കാന്‍ നിയമനടപടി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജിഷ്മുവിന്റെ കുടുംബം.