ഗോരഖ്പൂര്‍; ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ മരണം. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് കുട്ടികളാണ് മരിച്ചത്. ഓക്‌സിജന്‍ നിലച്ച സമയത്ത് ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന കുട്ടികളാണ് ഞായറാഴ്ച രാവിലെ മരിച്ചത്. ഇതോടെ ആറ് ദിവസത്തിനിടെ ആശുപത്രിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി.

അതിനിടെ മരിച്ച കുട്ടികളുടെ മൃതദേഹത്തോടും ആശുപത്രി അധികൃതര്‍ അനാദരവ് കാണിച്ചതായി പരാതി ഉയര്‍ന്നു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിക്കാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ല. സമീപവാസികളുടെ ബൈക്കുകളിലും, റിക്ഷകളിലുമാണ് രക്ഷിതാക്കള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്. ഞായറാഴ്ച ആയതിനാല്‍ ആംബുലന്‍സ് ലഭ്യമല്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികളാണ് മരിച്ചവരില്‍ ബഹുഭൂരിപക്ഷവും.
ഓഗസ്റ്റ് നാലു മുതലുള്ള ഒരാഴ്ചക്കാലത്ത് ജീവന്‍ വെടിഞ്ഞ പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണം 66 ആയി. ഇതില്‍ 30 പേര്‍ മരിച്ചതു വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു. ഈ ദിവസം ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ഇന്ന് ആശുപത്രി സന്ദര്‍ശിക്കും.

അതേസമയം പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ ഞെട്ടിത്തരിച്ച രാജ്യത്തിനുമുന്നില്‍ വെളിപ്പെടുന്നത് പ്രാണവായു നിഷേധിച്ച യുപി സര്‍ക്കാരിന്റെ ക്രൂരത. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ഇന്നലെയും മൂന്ന് കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചിരുന്നു. തിങ്കള്‍ 9, ചൊവ്വ 12, ബുധന്‍ 9, വ്യാഴം 23, വെള്ളി 7, ശനി3 എന്നിങ്ങനെയാണ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക്. ഇതില്‍ 17 നവജാതശിശുക്കളുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.
മൂന്നുദിവസംമുമ്പ് ആദിത്യനാഥ് ആശുപത്രിയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുപിന്നാലെയാണ് പ്രാണവായു കിട്ടാതെ നവജാതശിശുക്കളടക്കം 30 കുഞ്ഞുങ്ങള്‍ മരിച്ചത്. കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യില്ലെന്ന് കാട്ടി സ്വകാര്യ കമ്പനി നല്‍കിയ കത്ത് പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ യുപി സര്‍ക്കാരിന്റെ കടുത്ത അനാസ്ഥ വ്യക്തമായി.

അതേസമയം ദുരന്തത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി ബിആര്‍ഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി യുപി ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു. ഓക്‌സിജന്‍ വിതരണം നിലയ്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി യുപി ആരോഗ്യവകുപ്പിന് ആശുപത്രി അധികൃതര്‍ നല്‍കിയ കത്തും പുറത്തുവന്നതോടെ സര്‍ക്കാര്‍ വെട്ടിലായി.
വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂര്‍ നേരത്തേക്ക് 800 ബെഡുകളിലേക്കുള്ള ഓക്‌സിജന്‍വിതരണം മാത്രമാണ് തടസ്സപ്പെട്ടതെന്നും ഈ സമയത്ത് മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഓക്‌സിജന്‍ വിതരണം മുടങ്ങിയ വ്യാഴാഴ്ച തന്നെയാണ് 17 നവജാതശിശുക്കള്‍ ഉള്‍പ്പടെ 23 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മരണങ്ങള്‍ മറ്റ് കാരണങ്ങളെ തുടര്‍ന്നാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും മറ്റും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. 21 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചെന്ന് ഗോരഖ്പുര്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.

ഓക്‌സിജന്‍ വിതരണം മുടങ്ങിയതായി ജില്ലാ മജിസ്‌ട്രേട്ട് രാജീവ് റൌട്ടേലയും വ്യക്തമാക്കി. ഓക്‌സിജന്‍ നല്‍കിയ ഇനത്തില്‍ 63,65,702 രൂപയാണ് ലഖ്‌നൌവിലെ പുഷ്പ സെയില്‍സ് കമ്പനിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കാനുള്ളത്. ഈ തുക ഉടന്‍ കിട്ടണമെന്ന് അന്ത്യശാസനം നല്‍കിയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് കമ്പനി ആഗസ്ത് ഒന്നിന് കത്ത് കൊടുത്തത്. കുടിശ്ശിക തുക കിട്ടിയില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം അവസാനിപ്പിക്കുമെന്ന് കത്തില്‍ കമ്പനി മുന്നറിയിപ്പ് നല്‍കി.
57 ലക്ഷം രൂപ കുടിശ്ശിക തീര്‍ക്കണമെന്ന് അറിയിച്ച് ജൂലൈ 18 നും കമ്പനി കത്ത് കൊടുത്തു. ആഗസ്ത് എട്ടിന് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുക 68,58,596 രൂപയായി. അതേസമയം ദുരന്തമുണ്ടായതോടെ കമ്പനി അധികൃതര്‍ ഒളിവിലാണെന്ന് വിവരമുണ്ട്. 2017ല്‍ ഇതുവരെ 124 കുഞ്ഞുങ്ങളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്. 2016ല്‍ 641, 2015ല്‍ 491, 2014ല്‍ 525, 2013ല്‍ 650, 2012ല്‍ 557 എന്നിങ്ങനെയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്ത കുഞ്ഞുങ്ങളുടെ മരണസംഖ്യ.