മൂലധനത്തിന് മൂല്യം വര്‍ദ്ധിക്കുന്നു; കാലം ആവശ്യപ്പെടുന്ന പുതിയ പോരാട്ടങ്ങള്‍ക്കും ആയുധം

ലോകചരിത്രത്തെ മാറ്റിത്തീര്‍ക്കുന്ന വിധം സ്വാധീനശക്തിയായി മാറിയ ‘മൂലധനം’ എന്ന കൃതിയുടെ നൂറ്റി അന്‍പതാം രചനാ വാര്‍ഷികം സി പി ഐ എം രാജ്യവ്യാപകമായി ആചരിക്കുകയാണ് . 1867 ല്‍ രചിക്കപ്പെട്ട മൂലധനം എന്ന കൃതിയുടെ ഇതിവൃത്തം ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എങ്ങനെ പ്രസക്തമാകുന്നു എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം.

തൊണ്ണൂറുകളുടെ ആദ്യം സോവിയറ്റ്‌ യൂണിയന്‍റെ തകര്‍ച്ചയോടെ മാര്‍ക്സിസത്തിന് അന്ത്യമായി എന്നു ലോകത്തൊട്ടാകെയുള്ള ബൌദ്ധിക സമൂഹം വിധിയെഴുതുകയുണ്ടായി. മാര്‍ക്സിസത്തിനോ സോഷ്യലിസത്തിനോ ഇനി യാതൊരു ഭാവിയുമില്ലെന്നും തീര്‍പ്പു കല്‍പ്പിക്കപ്പെടുന്ന സാഹചര്യം വന്നു. പല രാജ്യങ്ങളിലേയും ഇടതുപക്ഷ പാര്‍ട്ടികളും ബഹുജനസംഘടനകളും പിരിച്ചു വിടപ്പെട്ടു. എന്നാല്‍ ദശകങ്ങള്‍ പിന്നിട്ടപ്പോള്‍, പ്രത്യേകിച്ചും ലോകസമ്പദ്‌ വ്യവസ്ഥയെ പിടിച്ചു കുലുക്കിയ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തോടെ മാര്‍ക്സിസം എന്ന ആശയം പൂര്‍വാധികം പ്രാധാന്യത്തോടെ പ്രസക്തമാകുന്ന കാഴ്ചയാണ് കാണാനായത്‌. ക്യാപ്പിറ്റലിസം പുല്‍കിയ രാജ്യങ്ങളിലുള്‍പ്പെടെ മൂലധനം വ്യാപകമായി വായിക്കപ്പെടുന്ന സ്ഥിവിശേഷം രൂപപ്പെട്ടു.

വിചക്ഷണര്‍ സാമ്പത്തിക മാന്ദ്യത്തെയും അതിനു പിന്തുടര്‍ച്ചയായി രൂപം കൊണ്ട പ്രതിസന്ധികളേയും മുതലാളിത്തം നേരിടുന്ന ‘മാര്‍ക്സിയന്‍ പ്രതിസന്ധി’ എന്നാണ് വിശേഷിപ്പിച്ചത്. ‘മൂലധനം’ എന്ന കൃതിയുടെ വര്‍ത്തമാനകാല പ്രസക്തിയും ഇതു തന്നെയാണ്. മാര്‍ക്സ് രചിച്ച മൂലധനത്തിന്റെ ഒന്നാം വോള്യത്തില്‍ മുതലാളിത്തം പ്രവര്‍ത്തിക്കുന്നതെങ്ങനെ, അതിന്‍റെ പരിണാമവും പരിണതിയും എങ്ങിനെ സംഭവിക്കുന്നു തുടങ്ങിയ വസ്തുതകള്‍ സവിസ്തരം വിശകലനം ചെയ്യുന്നുണ്ട്. 1848 ല്‍ കാറല്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്നു പുറത്തിറക്കിയ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ മനുഷ്യ സമൂഹം പ്രവര്‍ത്തിക്കുന്നതെങ്ങിനെ എന്നുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട് മുന്നോട്ടു വക്കുന്നു. ചരിത്രപരമായ ഭൌതികവാദം എന്ന ആശയത്തിലൂടെ മുതലാളിത്തം എങ്ങിനെയാണ് നിലവിലിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിയെ മാറ്റി പുതിയ രീതിയിലുള്ള വര്‍ഗസമൂഹത്തെ സൃഷ്ടിച്ചതെന്നും പുതിയ സ്വഭാവത്തില്‍ ഉള്ള ചൂഷണോപാധികള്‍ അവതരിപ്പിച്ചതെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.

മുതലാളിത്തത്തെ തകര്‍ത്തെറിഞ്ഞു ഒരു തൊഴിലാളി വര്‍ഗാധിപത്യ വ്യവസ്ഥിതി സ്ഥാപിക്കുന്നതില്‍ വിപ്ലവാത്മകമായ പങ്കു വഹിക്കുന്നതിന് ലോകത്തെ മുഴുവന്‍ തൊഴിലാളിവര്‍ഗത്തോടും മാനിഫെസ്റ്റോ ആഹ്വാനം ചെയ്യുന്നു രാഷ്ട്രീയ അഭയത്തിന്‍റെ ഭാഗമായി മാര്‍ക്സ്‌ ഒരു ദശകത്തോളം കാലം വ്യാവസായിക വിപ്ലവത്തിന്റെയും വ്യാവസായിക മുതലാളിത്തത്തിന്റെയും കളിത്തൊട്ടിലായ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടില്‍ താമസിക്കുകയുണ്ടായി. ഈ കാലയളവില്‍ മുതലാളിത്തസ്വഭാവങ്ങളെ ഇഴകീറിയ വിശകലനത്തിന് വിധേയനാക്കിയ മാര്‍ക്സ്‌ അതു ചൂഷണത്തിനും അടിമത്വത്തിനും വഴി വയ്ക്കുന്നതെങ്ങിനെയെന്നും മനസിലാക്കി. മുതലാളിത്തത്തിന് അന്ത്യം കുറിച്ചു കൊണ്ടു മാത്രമേ ചൂഷണത്തിന് അറുതി വരുത്താന്‍ കഴിയൂ എന്ന് മാര്‍ക്സ്‌ പറയുന്നു. ഉത്പാദനോപാധികളുടെ വിശകലനവും സ്ത്രീകളെ ഉള്‍പ്പെടെ ചൂഷണം ചെയ്തു കൊണ്ട് ലാഭമുണ്ടാക്കുന്ന പ്രവണതകളും മൂലധനം എന്ന പുസ്തകത്തിലൂടെ മാര്‍ക്സ്‌ പരിശോധിക്കുന്നു. മൂലധനത്തിന്റെ സാമകാലിക പ്രാധാന്യത്തെ സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ഒരു സെമിനാര്‍ ആയതു കൊണ്ടു തന്നെ വളരെ പ്രധാനപ്പെട്ട ഒരു സംഗതി ഇവിടെ ഉദ്ധരിക്കാം.

മൂലധനത്തിന്റെ ഒന്നാം വാല്യത്തില്‍ വിദ്യാഭ്യാസം കച്ചവടവത്കരിക്കുന്ന പ്രവണതയെ സംബന്ധിച്ച് മാര്‍ക്സ്‌ പറയുന്നുണ്ട്. ഇന്ന് നമുക്കിവിടെ സ്വാശ്രയ വിദ്യാഭ്യാസം സാര്‍വത്രികമായി വരുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണു പോലെ മുളച്ചു പൊന്തുകയാണ്. അതിന്‍റെ പരിണിതഫലങ്ങളും നാം കാണുന്നു. മാര്‍ക്സ്‌ ഒരു സ്കൂള്‍ അധ്യാപകനെ അവതരിപ്പിക്കുന്നത് ആ സ്കൂള്‍ മുതലാളിക്ക് ലാഭം ഉണ്ടാക്കി നല്‍കുവാനുള്ള ഒരു ഉത്പാദനോപാധി അല്ലെങ്കില്‍ തൊഴിലാളി എന്ന നിലയ്ക്കാണ്. അതായത്‌ ഒരു അധ്യാപകന്‍റെ ബൌദ്ധിക അദ്ധ്വാനം ചൂഷണം ചെയ്തു കൊണ്ട് ഉടമകള്‍ നേട്ടമുണ്ടാക്കുന്നു. ചുരുക്കത്തില്‍ പുതിയ ഉത്പാദന ഉപാധികളുടെ പുതിയ തരത്തിലുള്ള ചൂഷണവും സമ്പത്തിന്‍റെ കുന്നുകൂടലും ഉണ്ടാവുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ഇന്നു നടക്കുന്ന കച്ചവടലാഭേച്ഛ പ്രവണതകള്‍ മാര്‍ക്സ്‌ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ അവതരിപ്പിച്ചിരിക്കുന്നു! ഈ രീതിയില്‍ മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മുതലാളിത്തം അതിന്‍റെ രീതികളില്‍, സ്വഭാവത്തില്‍ മാറ്റം വരുത്തി ചൂഷണം തുടരുകയും ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതെങ്ങിനെ എന്ന് മൂലധനം എന്ന ഗ്രന്ഥം വിശദീകരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ എത്ര ദീര്‍ഘ ദര്ശിത്വത്തോടെ നടത്തിയ വിശകലനം ആണ് ഇതെന്നു കാണാം. സമ്പത്ത്‌ ഏതാനും ചില ആളുകളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതെന്നും അദ്ധ്വാനം സംഭാവന ചെയ്യുന്ന ഭൂരിഭാഗം മനുഷ്യരും വെറും തൊഴിലാളികള്‍ മാത്രമായി മാറി അദ്ധ്വാനവര്‍ഗചൂഷണം കുത്തക മൂലധനത്തിന്റെ വര്‍ദ്ധനവിനു വഴി വയ്ക്കുന്നതെങ്ങിനെയെന്നും മാര്‍ക്സ്‌ വരച്ചു കാട്ടുന്നു.

മാര്‍ക്സിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് ഏംഗല്‍സ് മൂലധനത്തിന്റെ മറ്റു വാല്യങ്ങളും പുറത്തിറക്കി. പിന്നീട് ലെനിന്‍ മൂലധനത്തെ കൂടുതല്‍ വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമാക്കി മുതലാളിത്തം സാമ്രാജ്യത്വപ്രവണതകള്‍ക്ക് വഴിവയ്ക്കുന്നതെങ്ങിനെയെന്നു വിശദമാക്കി. മുതലാളിത്തവും സാമ്രാജ്യത്വും അതിന്‍റെ പുതിയ രൂപമായ ആഗോളവത്കരണവുമൊന്നും ഏതെങ്കിലും പ്രദേശങ്ങളിലോ അതിര്‍ത്തികള്‍ക്കുള്ളിലോ ഒതുങ്ങി നില്‍ക്കുന്നില്ല. ലാഭക്കൊതിയോടെ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും അതു ചെന്നെത്തും. അധികാരവും ചൂഷണോപാധികളും സ്ഥാപിക്കും. മൂലധനത്തിന്റെ ഇത്തരത്തിലുള്ള വ്യാപനം ആദ്യമായി പ്രവചനാത്മക സ്വഭാവത്തോടെ വിശദീകരിച്ചത് മാര്‍ക്സ്‌ ആണ്. ആഗോളവത്കരണം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മുന്‍കൂട്ടിക്കണ്ട് അതിന്‍റെ ആക്രമോത്സുക സ്വഭാവം അവതരിപ്പിക്കുന്നതില്‍ മാര്‍ക്സ്‌ ശരിയായ വിശകലനം തന്നെയാണ് നടത്തിയത്‌. നമുക്ക് സമകാലിക സാഹചര്യങ്ങളെ പരിശോധിക്കാം. നാം ഇന്ന് സാക്ഷ്യം വഹിക്കുന്ന അവസ്ഥകള്‍ എന്തൊക്കെയാണ്? ആഗോളമൂലധനം ലോകത്തെ ഓരോ രാജ്യത്തെയും സമ്പദ് വ്യവസ്ഥയില്‍ കടന്നു കയറി അതിന്‍റെ സ്വഭാവത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. മറ്റൊരു പ്രസക്തമായ കാര്യം കാര്യസാധ്യത്തിനായി ആഗോളവത്കരണം അഥവാ ലോക മുതലാളിത്തം ഏതു ഹിംസാത്മകമായ വഴിയും സ്വീകരിക്കും എന്നുള്ളതാണ്. വലിയ വിനാശം വിതച്ച രണ്ടു ലോകമഹായുദ്ധങ്ങളും ലോകത്തെ വിവിധ കോണുകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളും ഒക്കെയും മുതലാളിത്തത്തിന്റെ പദ്ധതികള്‍ ആണെന്നത് നാം കാണണം.

നിലവില്‍, മദ്ധ്യപൌരസ്ത്യ രാഷ്ട്രങ്ങളില്‍, സിറിയയില്‍, ഇറാക്കില്‍, ലിബിയയില്‍, ഒക്കെയും സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതു വഴി സ്വാതന്ത്ര്യത്തിനും ജനാധിപത്യ – പരമാധികാരങ്ങള്‍ക്കുമായി പൊരുതുന്ന സംഘടിതസംവിധാനങ്ങള്‍ക്കും ചെറുത്തു നില്‍പ്പുകള്‍ക്കും എതിരെ നില്‍ക്കുകയും അത്തരം പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനായി ഉപരോധങ്ങളും ആക്രമണവും വഴി ഏതറ്റം വരെയും പോവുന്ന സമീപനം സ്വീകരിക്കുകയും ചെയ്യുകയാണ് മുതലാളിത്തം ചെയ്യുന്നത്. മുതലാളിത്തം ഒരു ചാക്രിക പ്രതിഭാസത്തിന് വിധേയമാണ്. ഉത്പാദനം – ലാഭം കൊയ്യല്‍ സമ്പത്തിന്‍റെ കുന്നുകൂടല്‍ മാന്ദ്യം –അവയില്‍ നിന്നുള്ള കരകയറല്‍ എന്നിങ്ങനെ അതു തുടര്‍ന്നു കൊണ്ടേയിരിക്കും. മുതലാളിത്തം വളര്‍ച്ച ഉണ്ടാക്കുന്നു എന്നതാണ് ആഘോഷിക്കപ്പെടുന്ന ഒരു നേട്ടം. ശരിയാണ്. മുതലാളിത്തം വളര്ച്ചയുണ്ടാക്കുന്നതോടൊപ്പം വളരുന്നത് അസമത്വങ്ങളും പട്ടിണിയും കൂടിയാണ്. കുറഞ്ഞ എണ്ണം ആളുകളുടെ കയ്യിലെ സമ്പത്തിന്‍റെ കുമിഞ്ഞുകൂടല്‍ കൂടുതല്‍ ജനവിഭാഗങ്ങളുടെ ചൂഷണവും ക്ഷാമവും പട്ടിണിയും വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോക സാമ്പത്തിക ഫോറം അവരുടെ വാര്‍ഷിക ഉച്ചകോടിയ്ക്ക് മുന്‍പായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലെ ചില വസ്തുതകള്‍ മൂലധനത്തിലെ ചിന്തകളുമായി ചേര്‍ത്തു വായിക്കുന്നത് ഈ അവസരത്തില്‍ പ്രസക്തമായിരിക്കും. ഇന്ത്യയുടെ ഒരു ശതമാനം മാത്രമുള്ള അതിസമ്പന്നര്‍ നമ്മുടെ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്‍റെ അന്‍പതിയെട്ടു ശതമാനം കയ്യടക്കി വച്ചിരിക്കുന്നു. ആഗോള തലത്തില്‍ ഈ നിരക്ക് അന്‍പതു ശതമാനമാണ്. സാമ്പത്തിക അസമത്വത്തില്‍ ആഗോള ശരാശരിയേക്കാള്‍ നാം വളരെ മുന്നിലാണ് എന്നു നമുക്ക്‌ അഭിമാനിക്കാം! മൂലധനത്തില്‍ സൂചിപ്പിച്ചതു പോലെ തന്നെ മുതലാളിത്തം അസമത്വത്തെ വര്‍ദ്ധിപ്പിക്കുന്നതിന്റെ നേര്‍ക്കാഴ്ച തന്നെ.

കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ‘വളര്‍ച്ചാനിരക്ക്’ യാതൊരു സന്തുലനവും സമത്വവും പാലിക്കുന്നില്ല. ഈ വസ്തുതകള്‍ ഒക്കെയും മൂലധനം എന്ന മഹത് കൃതിയേയും അതു മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെയും ഏറ്റവും പ്രസക്തമാക്കുന്നു ബ്രിട്ടന്‍റെ അന്തരീക്ഷമാണ് ആണ് മാര്‍ക്സിന്റെ ചിന്തകള്‍ വികസിക്കുന്ന വിളനിലമായത് എങ്കിലും അന്നത്തെ സാഹചര്യത്തില്‍ ബ്രിട്ടണിലും മറ്റും മാര്‍ക്സിയന്‍ ചിന്തകള്‍ക്ക്‌ അത്ര കണ്ട് പ്രചാരം ലഭിച്ചില്ല. ബ്രിട്ടണില്‍ ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടുവെങ്കിലും മാര്‍ക്സിയന്‍ ആശയങ്ങള്‍ക്കുള്ള സ്വീകാര്യത കുറവായിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടണില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി – അതൊരു സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ടി ആണെങ്കിലും – മുന്നോട്ടു വച്ച പ്രകടനപത്രിക വളരെ പ്രാകൃതമണെന്നു വ്യാപകമായ വിമര്‍ശമുണ്ടായി. റെയില്‍വെ, വൈദ്യുതി, പാചകവാത കമ്പനികള്‍ മുതലായവ ദേശസാല്‍കൃതവത്കരണത്തിന് വിധേയമാക്കുമെന്ന് അവര്‍ പറഞ്ഞു. ഏറ്റവും പ്രധാനമായത്‌ അധികാരത്തില്‍ വന്നാല്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ വായ്പകള്‍ എഴുതിതള്ളുമെന്ന പ്രഖ്യാപനമായിരുന്നു. അവിടെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തങ്ങളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും , ജീവിതം തുടങ്ങുമ്പോഴേയ്ക്കും ഏതാണ്ട് നാല്‍പതു ലക്ഷത്തിനടുത്തുള്ള തുക കടത്തോടെയാണ് തൊഴില്‍ മാര്‍ക്കറ്റിലേക്ക് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കഴിഞ്ഞ മൂന്നു ദശകത്തിലെ ഏറ്റവും വലിയ വിജയം നേടി. പൊതു സംവിധാനങ്ങളുടെ പൊതു ഉടമസ്ഥത എന്ന ആശയത്തിലേക്ക് ജനങ്ങള്‍, പ്രത്യേകിച്ചു യുവത മടങ്ങി വരുന്നു എന്ന സന്ദേശം വളരെ വ്യക്തമായി. മൂലധനം രചിക്കപ്പെട്ട് അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം റഷ്യയില്‍ ലോകത്തെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ വിപ്ലവം നടന്നു.

പ്രശസ്ത ചിന്തകനായ എറിക് ഹോബ്സ്ബാം ആ കാലഘട്ടത്തിലെ മൂലധനം എന്ന കൃതിയുടെ വില്പന സംബന്ധിച്ചു നിരീക്ഷിച്ചിട്ടുണ്ട്. ജര്‍മന്‍ ഭാഷയ്ക്ക് ശേഷം റഷ്യന്‍ പതിപ്പുകളായിരുന്നു അന്ന് ഏറ്റവും കൂടുതല്‍ വിറ്റു പോയത്‌. മാര്‍ക്സിസം എന്നത് ശാസ്ത്രീയമായ ഒരു ലോകവീക്ഷണമാണ്. മൂലധനത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചു പറയുമ്പോള്‍ നമുക്ക്‌ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിശോധിക്കാം. ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും അസമത്വം നിറഞ്ഞ സമൂഹങ്ങളില്‍ ഒന്നാണ്. തൊള്ളായിരത്തി അന്‍പതുകളില്‍, സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം ഇന്ത്യ മുതലാളിത്ത പ്രവണതകളെ പുല്‍കുകയാണ് ചെയ്തത് ദശലക്ഷക്കണക്കിന് ആളുകളെ വിഷമസന്ധികളിലേക്കും ദുരിതത്തിലേക്കും തള്ളി വിട്ടു കൊണ്ട്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം സാമ്പത്തിക ഉദാരവത്കരണം, നവലിബറല്‍ സമീപനങ്ങള്‍, ആഗോളവത്കരണം തുടങ്ങി മുതലാളിത്തത്തിന്റെ വിവിധ രൂപങ്ങള്‍ സ്വീകരിച്ചു മുന്നോട്ടു നീങ്ങിയ നമ്മുടെ സ്ഥിതി ഇന്ന് ദയനീയമാണെന്ന് കാണാം. അമൂല്യമായ വിഭവശേഷിയും പൊതു സ്രോതസ്സുകളും – അത് ഭൂമിയോ, ജലമോ, ധാതുക്കളോ , സംരംഭങ്ങളോ സ്ഥാപനങ്ങളോ എന്തുമായിക്കൊള്ളട്ടെ, അവയെല്ലാം സ്വകാര്യ ഉടമസ്ഥതയ്ക്ക് തീറെഴുതി നല്‍കുവാനുള്ള വ്യഗ്രതയിലാണ് സര്‍ക്കാരുകളെല്ലാം. അദാനി എന്ന ഗുജറാത്തി വ്യവസായിയ്ക്ക് വേണ്ടി നമ്മുടെ പ്രധാനമന്ത്രി ഉള്‍പ്പെടെ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ നാം കാണുന്നുണ്ട്. വിദേശസന്ദര്‍ശനങ്ങളിലെല്ലാം മോഡിയുടെ സന്തത സഹചാരിയാണ് അദാനി. തെരഞ്ഞെടുപ്പു കാലം മുതല്‍ മോഡിയുടെ സഞ്ചാരം അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ള വിമാനങ്ങളിലാണ്.

ഇത്തരം സൌകര്യങ്ങള്‍ക്കുള്ള കൃതജ്ഞത ഭരണകാലയളവില്‍ ഉടനീളം അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ള കുത്തകമുതലാളിമാര്‍ക്ക് ഉദാരമായി ലഭിച്ചു കൊണ്ടിരിക്കുന്നതിനും നാം സാക്ഷിയാകുന്നു. ഒരു ബാങ്ക് ഇന്ത്യയില്‍ അനുവദിച്ച ഏറ്റവും വലിയ വായ്പ – ഏതാണ്ട് ആറായിരം കോടി രൂപാ – അദാനിയ്ക്കാണ് ലഭിച്ചത്. തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നിടത്തോളം കാലം രാജ്യത്തെ അസമത്വങ്ങള്‍ അവരുടെ വിഷയമാകുന്നതേയില്ല. അപകടകരമായ മറ്റൊരു പ്രവണത കൂടി ചൂണ്ടിക്കാട്ടാം. ഹിന്ദുത്വ അജണ്ട മുതലാളിത്തം ഒളിച്ചു കടത്തുന്ന ഒരു ഉപകരണം ആണെന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുത്വ ശക്തികള്‍ ഗോ രക്ഷയുടെയും മറ്റും പേരില്‍ മുസ്ലീമുകളും ദളിതരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ മേല്‍ ആക്രമണം അഴിച്ചു വിടുകയാണ്.

ജനതയെ ഭിന്നിപ്പിച്ചു നിര്‍ത്തുകയും അതു വഴി രാജ്യത്ത് മുതലാളിത്ത നയങ്ങള്‍ നടപ്പിലാക്കപ്പെടുകയും അസമത്വം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നാം നേരിടുന്നത് ഇരട്ട ഭീഷണിയാണ് മുതലാളിത്തവും അതിന്‍റെ നിലനില്പിനു വേണ്ടി പ്രോത്സാഹിക്കപ്പെടുന്ന അസമത്വത്തില്‍ ഊന്നിയ വര്‍ഗീയ – വിഘടനവാദവും. സാഹചര്യങ്ങള്‍ ഇതായിരിക്കെ, മൂലധനത്തില്‍ നിന്നുള്ള വിലയേറിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കു കൈമുതലായുള്ള ശാസ്ത്രീയവീക്ഷണത്തിന്റെ കരുത്തില്‍, തൊഴിലാളിവര്‍ഗത്തെ ഒന്നാകെ ഒരുമിപ്പിച്ചു വിപ്ലവാത്മകമായ സാമൂഹികമാറ്റം ലക്ഷ്യമാക്കി നമുക്കു മുന്നേറണ്ടതുണ്ട്  (എന്‍ എസ് പഠനഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന മൂലധനത്തിന്‍റെ നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ സെമിനാറില്ലെ ആമുഖപ്രസംഗം. തയ്യാറാക്കിയത് വി എസ് ശ്യാം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News