കാവിയില്‍ പൊതിഞ്ഞ കോഴ; വി മുരളീധരനേയും ശോഭസുരേന്ദ്രനേയും പാര്‍ട്ടിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ നീക്കം; ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം: ബിജെപി ദേശീയനിര്‍വ്വാഹകസമിതി അംഗമായ വി.മുരളീധരനെയും BJP സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രനെയും പാര്‍ട്ടിയില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ BJP സംസ്ഥാന നേതൃത്വത്വത്തിന്റെ നീക്കം. മെഡിക്കല്‍ കോഴ വിവാദത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ നടപടിയ്ക്ക് വിധേയനായ വി.വി.രാജേഷിന് റിപ്പോര്‍ട്ട് കൈമാറിയത് വി.മുരളീധരനാണെന്ന പ്രചാരണം കുമ്മനം പക്ഷം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പാലക്കാട് നടന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ട് മാധ്യമത്തിന് ചോര്‍ത്തിക്കൊടുത്തത് ശോഭാസുരേന്ദ്രനെന്നാണ് പാര്‍ട്ടി ഔദ്ദോഗികപക്ഷത്തിന്റെ വാദം. തങ്ങള്‍ക്ക് ലഭിച്ച ഇത്തരം വിവരങ്ങള്‍ ഇരുനേതാക്കള്‍ക്കെതിരെയും ആയുധമാക്കാനാണ് കുമ്മനം രാജശേഖരവിഭാഗത്തിന്റെ തീരുമാനം.
ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കുകയും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്ത മെഡിക്കല്‍കോഴ അഴിമതി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ വി. മുരളീധരപക്ഷം നേതാക്കളാണ് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വി.വി രാജേഷിനെതിരെ പാര്‍ട്ടി അധ്യക്ഷന്‍ നപടി സ്വീകരിച്ചത്. എന്നാല്‍ കുമ്മനം രാജശേഖരന്റെ ഈ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ വി.മുരളീധരവിഭാഗം കുമ്മനത്തിനെതിരെ പാര്‍ട്ടി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനുപുറമെ റിപ്പോര്‍ട്ട് ചോര്‍ത്തിയത് കുമ്മനം രാജശേഖരനാണെന്നും വി.മുരളീധരന്‍ ആരോപിച്ചു. അതേസമയം വി.മുരളീധരപക്ഷത്തിന്റെ ഔദ്ദ്യോഗിക പക്ഷത്തിനുനേരെയുള്ള ആക്രമണം, ശക്തിപ്രാപിക്കുന്ന ഘട്ടം മനസ്സിലാക്കിയിട്ടാകാം,കുമ്മനം രാജശേഖരന്‍ എതിര്‍പക്ഷത്തെ നേതാക്കള്‍ക്കെതിരെ കരുക്കള്‍ നീക്കി തുടങ്ങിയത്. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രനെയും പാര്‍ട്ടിയില്‍ നിന്ന് ഉന്‍മൂലനം ചെയ്യാനാണ് കുമ്മനവിഭാഗത്തിന്റെ നീക്കം.

ഇതിന്റെ ഭാഗമായുള്ള പ്രചാരവേലകള്‍ക്കും അവര്‍ തിരികൊളുത്തിയിട്ടുണ്ട്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതില്‍ വി.വി.രാജേഷിന് മാത്രമല്ല പങ്ക്, മറിച്ച് വി.മുരളീധരനാണ്. റിപ്പോര്‍ട്ട് രാജേഷിന് എത്തിച്ചത് മുരളിയാണെന്നാണ് കുമ്മനപക്ഷം പ്രചരിപ്പിക്കുന്നത്. കൂടാതെ കുമ്മനത്തിന്റെ വിശ്വസ്തനായ എം.ടി.രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിന്റെ സൂത്രധാരനും വി.മുരളീധരന്‍ തന്നെ എന്നതും പ്രചരാത്തിലുണ്ട്.

ഇതൊക്കെ വച്ച് ,വി.മുരീളീധരനെതിരെ കേന്ദ്രത്തില്‍ നിന്ന് നടപടി എടുക്കുക എന്നതാണ് കുമ്മനം ലക്ഷ്യമിടുന്നത്. അതുപോലെ പാലക്കാട് കോര്‍കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ട് ,മാധ്യമത്തിന് ചോര്‍ത്തിക്കൊടുത്തുവെന്ന കുറ്റമാണ് ശോഭാ സുരേന്ദ്രന് നേരെ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഇതിന്റെ പ്രചാരണവും പരമാവധി കൊഴുപ്പിക്കുന്നുണ്ട് കുമ്മനം വിഭാഗം.
എന്നാല്‍ കുമ്മനം രാജേശേഖരന്റെ കരുനീക്കം വി.മുരളീധരന്റെ തിരുവനന്തന്തപുരം ലോക്‌സഭാ സീറ്റെന്ന സ്വപ്നത്തിനാകും മങ്ങലേല്‍പ്പിക്കുക. കോഴവിവാദം മറക്കാന്‍ സംസ്ഥാന നേതൃത്വത്തിനായെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here