മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ആ വലിയ രഹസ്യം പുറത്തു വിടും; റോഷന്‍ ആന്‍ഡ്രൂസ്

കൊച്ചി: ആദ്യ സിനിമയായ ഉദയനാണ് താരത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. വമ്പന്‍ ഹിറ്റായ ഉദയനാണ് താരത്തിനു ശേഷം റോഷന്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. നോട്ട് ബുക്കും മുംബൈ പൊലീസും മഞ്ജു വാര്യരെ തിരികെയെത്തിച്ച ഹൗ ഓള്‍ഡ് ആര്‍ യുവുമെല്ലാം മലയാളക്കര ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഇപ്പോള്‍ ഹിസ്‌റ്റോറിക് മൂവി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ സംവിധായകന്‍. നിവിന്‍ പോളിക്കൊപ്പം കായംകുളം കൊച്ചുണ്ണിയെ അവിസ്മരണീയമാക്കാനുള്ള പണിപ്പുരയിലാണ് റോഷന്‍. മലയാളികള്‍ ഹൃദയത്തിലേറ്റിയ കൊച്ചുണ്ണിയെന്ന കള്ളന്റെ കഥ റോഷന്‍ പറയുമ്പോള്‍ അത് ചരിത്രമാകുമെന്നുറപ്പാണ്.

ചിത്രത്തിന്റെ വിശേഷങ്ങളും സ്വപ്‌നങ്ങളും പങ്കുവെച്ച് റോഷന്‍ രംഗത്തെത്തുകയും ചെയ്തു. അതിനിടയിലാണ് മലയാളി ഇന്നോളം അറിഞ്ഞിട്ടില്ലാത്ത കായംകുളം കൊച്ചുണ്ണിയെ സംബന്ധിച്ച ഒരു വലിയ രഹസ്യം ചിത്രത്തിലൂടെ പുറത്തു വിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.


ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞ റോഷന്‍ ഉദയനാണ് താരം മുതല്‍ സ്‌ക്കൂള്‍ ബസ്സ് വരെയുള്ള സിനിമകളില്‍ പുതുമ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിശദമാക്കി.

കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ പ്രണയം, വഞ്ചന, ത്രില്ലര്‍ തുടങ്ങി പ്രേക്ഷകര്‍ കാത്തിരിക്കുന്ന എല്ലാമുണ്ടാകുമെന്ന് അദ്ദേഹം വിവരിച്ചു.കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറഞ്ഞിട്ടുള്ള കായംകുളം കൊച്ചുണ്ണിയുടെ കഥ തന്നെയാണ് പറയുന്നത്. പക്ഷേ അതില്‍ പറയാത്ത നിരവധി കാര്യങ്ങള്‍ കൂടി ചിത്രത്തിലുണ്ടാകും.

കൊച്ചുണ്ണിയെ പറ്റിയുള്ള ചരിത്രവസ്തുതകള്‍ പഠിക്കാനായി ഒരു റിസേര്‍ച്ച് ടീമിനെ തന്നെ നിയോഗിച്ചിരുന്നെന്നും ഒരു സിനിമാ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ വ്യക്തമാക്കി. അതിലൂടെ കായംകുളം കൊച്ചുണ്ണിയുടെ സമ്പൂര്‍ണ്ണമായ ജീവിതം എഴുതി പൂര്‍ത്തിയാക്കാനായിട്ടുണ്ട്. അതില്‍ ഒരു ദേശത്തിന്റെ കഥയുണ്ട്. അന്നത്തെ ആളുകളുടെ വസ്ത്രധാരണ രീതികളും ജീവിതവുമുണ്ട്. മലയാളക്കര ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു വലിയ രഹസ്യവും ആ തിരക്കഥയ്ക്കുള്ളിലുണ്ട്.

ആ രഹസ്യം ചിത്രത്തിലൂടെ പ്രേക്ഷകര്‍ അറിയുമെന്നും സംവിധായകന്‍ പറഞ്ഞു. നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. അമലാപോള്‍, സണ്ണിവെയിന്‍, ശരത്കുമാര്‍, പുതുമുഖം പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത ക്യാമറാമാന്‍ ബിനോദ് പ്രദാന്‍ ആണ് കായംകുളം കൊച്ചുണ്ണിക്ക്‌വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News