ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് ; മെഡിക്കല്‍ കോഴ അഴിമതിയും അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ചയ്ക്ക് ; ഉന്നത നേതാക്കള്‍ക്കെതിരെയുള്ള നടപടിയും ഇന്നുണ്ടാവും

മെഡിക്കല്‍ കോഴ അഴിമതിയും അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ച ചെയ്യാനായി ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്ന് ചേരും.തൃശ്ശൂരില്‍ വൈകുന്നേരം ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തിലെ ഉന്നത നേതാക്കള്‍ക്കെതിരെയുള്ള നടപടിയും തീരുമാനിക്കും.

കൂടാതെ ബിജെപി സംസ്ഥാന നേതാക്കളുടെ ആസ്തി സംബന്ധിച്ചുയര്‍ന്ന വിവാദവും വി.വി.രാജേഷിനെതിരെ എടുത്ത നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.അതേസമയംആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് ബിജെപി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

ഒളിച്ചുവയ്ക്കാന്‍ നോക്കിയപ്പോള്‍ തെളിവ് സഹിതം പുറത്താവുകയും ,പുറത്തായപ്പോള്‍ തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമിക്കുകയും ചെയ്ത മെഡിക്കല്‍ കോഴ അഴിമതി ,ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒഴിയാ ബാധയായിരിക്കുന്നു.മെഡിക്കല്‍ കോഴ അഴിമതിയും അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ചചെയ്യാനായാണ് ബിജെപിസംസ്ഥാന ഭാരവാഹികളുടെ യോഗം ചേരുന്നത്.

അഴിമതിക്കെതിരെ നടപടി സ്വീകരിക്കാതെ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ മാത്രം നടപടി സ്വീകരിച്ച പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാട് യോഗത്തില്‍ ചോദ്യചെയ്യപ്പെടും.കൂടാതെ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ വി.മുരളീധരപക്ഷത്തെ നേതാവായ വി.വി.രാജേഷിനെതിരെ പാര്‍ട്ടിതല നടപടി സ്വീകരിച്ചത് യോഗത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കും.

റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പങ്കുണ്ടെന്നതാണ് വി.മുരളീധരപക്ഷത്തിന്റെ വാദം.ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങള്‍ നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും.കോഴ വിവാദം ബിജെപിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് വി.മുരളീധരപക്ഷം തുറന്നടിച്ചിരിക്കുന്നത്.റിപ്പോര്‍ട്ട് ചോര്‍ന്നതിലെ തന്റെ നിലപാട് വി.മുരളീധരന്‍ യോഗത്തില്‍ ഉന്നയിക്കും.അങ്ങനെയെങ്കില്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം യോഗം തീരുമാനിക്കും.

പാലക്കാട് നടന്ന ബിജെപികോര്‍കമ്മിറ്റിയോഗത്തിലെ ചര്‍ച്ചാ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ,ആരോപണ വിധേയായ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെയും യോഗത്തില്‍ നടപടി ഉണ്ടായേയ്ക്കും.

കൂടാതെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയാണ് ഇപ്പോള്‍ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്ക് കൈമാറിയിരിക്കുന്നതെന്ന ആക്ഷേപവും മുരളീധരപക്ഷം യോഗത്തെ അറിയിക്കും.കോഴ വിഷയം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തിന് നാളെത്തെ യോഗം നിര്‍ണ്ണായമാകും.

അതേസമയം കോഴ വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തിയ ആര്‍ എസ് എസ്‌സംസ്ഥാന നേതാക്കളുടെ കണ്ടെത്തല്‍ സംബന്ധിച്ച്ആര്‍ എസ് എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് ,ബിജെപി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

കോഴ വിഷയത്തില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണവും പാര്‍ട്ടി താഴെ തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ നേതാക്കളേ കുറിച്ച് ഉയര്‍ന്നിരിക്കുന്ന അവ മതിപ്പും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.സംസ്ഥാന നേതാക്കളുടെ ഗ്രൂപ്പ് പോര് പരിധിവിട്ടിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് ആര്‍ എസ് എസ് ന് ഉള്ളത്.ബിജെപി സംസ്ഥാന നേതാക്കളുടെ ആസ്തി സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളും വൈകുന്നേരം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News