യോഗിയുടെ വാദങ്ങള്‍ പൊളിയുന്നു; അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍

ദില്ലി: ഓക്‌സിജന്‍ തടസ്സപ്പെട്ടതു കൊണ്ടല്ല ഖോരക്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ചതെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം പൊളിയുന്നു. ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിരുന്നു എന്ന കാര്യം വ്യക്തമാക്കി പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ഓക്‌സിജന്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയെ കുറിച്ച് നിരവധി തവണ അറിയിച്ചിട്ടും ആരോഗ്യവകുപ്പ് മുഖവിലയ്ക്ക് എടുത്തില്ല എന്ന മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പെടുത്തലും ബി ജെ പി സര്‍ക്കാറിന് തിരിച്ചടിയായി.

പിഞ്ചു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ തലയൂരാനുള്ള ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാറിന്റെ നീക്കങ്ങല്‍ക്കാണ് തുടര്‍ച്ചയായ തിരിച്ചടി നേരിടുന്നത്.ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ടല്ല മസ്തിഷ്‌ക ജ്വരം കാരണമാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരത്തിന് നേര്‍ വിപരീതമാണ് ഖോരക്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റോത്തേല ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

കൂട്ടികളുടെ കൂട്ടമരണം സംഭവിച്ച ഓഗസ്റ്റ് പത്തിനും പതിനൊന്നിനും ആശുപത്രിയില്‍ ഓക്‌സിജന്‍ മുടങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് മെഡിക്കല്‍ കോളേജേ പ്രിന്‍സിപ്പല്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാകുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി.ഓക്‌സിജന്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ള കുടിശ്ശികയെ കുറിച്ച് നിരവധി തവണ അറിയിച്ചിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് മുഖവിലയ്‌ക്കെടുത്തില്ല എന്നാണ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ രാജീവ് മിശ്ര വെളിപ്പെടുത്തിയത്.

അതേസമയം ബി ആര്‍ ഡി മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന സി എ ജി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും പുറത്തു വന്നു. ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളും ഇല്ലെന്നും വന്‍ തോതില്‍ സാമ്പത്തിക അരാജകത്വം നിലനില്‍ക്കുന്നുണ്ട് എന്നുമാണ് സി എ ജി നേരത്തെ റിപ്പോര്‍ട്ട് നല്‍ികിയത്.ഈ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു.ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണന മൂലമാണ് ദുരന്തം ഉണ്ടായത് എന്ന കാര്യം ശരിവയ്ക്കുന്ന തെളിവുകളാണ് ദിനം പ്രതി പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News