സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു; 11 ലക്ഷം വരെ വാങ്ങി പ്രവേശനം നടത്താം

ദില്ലി: സ്വശ്രയ മെഡിക്കല്‍ കോളേജ് ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒരു സീറ്റിന് പതിനൊന്ന് ലക്ഷം രൂപ വരെ ഫീസ് വാങ്ങാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റിന് സുപ്രീംകോടതി അനുമതി നല്‍കി. അഞ്ച് ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. ഇതിനെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ഉയര്‍ന്ന് ഫീസ് വാങ്ങാന്‍ അനുമതി.

മെഡിക്കല്‍ കോളേജ് സീറ്റിന് അഞ്ച് ലക്ഷം രൂപ നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയമെഡിക്കല്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടത്. ഇത് പ്രകാരം 11 ലക്ഷം രൂപ വരെ ഒരു സീറ്റിന് മാനേജ്‌മെന്റ്‌ന് വാങ്ങാം. അഞ്ച് ലക്ഷം രൂപ മാത്രമേ തുകയായി കൈപ്പറ്റാനാകു.

ബാക്കി അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയായോ ചെക്കായോ സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അധിക തുക പ്രത്യേക അക്കൗണ്ടില്‍ മാനേജ്‌മെന്റുകള്‍ സൂക്ഷിക്കണം.സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെതിരെ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി അന്തിമ തീരുമാനം കൈകൊള്ളുന്നത് വരെ മാത്രമേ ഈ അധിക ഫീസ് ഈടാക്കാവു.

നേരത്തെ പത്ത് ദിവസത്തിനുള്ളില്‍ കേസില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി , ഹൈക്കോടതിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.പക്ഷെ അതുണ്ടാകാത്ത സാഹചര്യത്തിലാണ്, അന്തിമ വിധി ഹൈക്കോടതിയില്‍ നിന്നും ഉണ്ടാകുന്നത് വരെ പ്രവേശനം നടത്താന്‍ അധിക ഫീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News