ശമ്പളമില്ലാതെ നാലു മാസം; മുഖ്യമന്ത്രി പിണറായി ഇടപെടണമെന്ന് പ്രവാസി തൊഴിലാളികള്‍

മസ്കറ്റ്:  ഒമാനില്‍ ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ഇടപടെണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കു നിവേദനം. ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സാമൂഹ്യ ക്ഷേമ വിഭാഗമാണ് നിവേദനം നല്‍കിയത്. കഴിഞ്ഞ നാലു മാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ഒമാനില്‍ കഴിയുന്ന 800 ലധികം ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ കൈരളി പീപ്പിള്‍ ആണ് പുറം ലോകത്തെ അറിയിച്ചത്.


നിര്‍മ്മാണമേഖലയിലും ഇഞ്ചിനീയറിങ്ങ് മേഖലയിലുമുള്ള പെട്രോണ്‍ എന്ന കമ്പനിയാണു കഴിഞ്ഞ നാല് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ശമ്പളം വൈകിക്കല്‍ പതിവായിരുന്നു എന്നും നാലു മാസത്തിലേറെയായി ഒട്ടും ശമ്പളം ലഭിച്ചില്ലെന്നും തൊഴിലാളികള്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബേങ്കുകള്‍ക്കും പണം നല്‍കാനുണ്ടായിരുന്നത് കൊണ്ടു അവര്‍ വാഹനങ്ങളും മറ്റും തിരിച്ചുപിടിക്കാന്‍ തുടങ്ങി.

തൊഴിലാളികളുടെ താമസം പോലും ദുരിതത്തിലായി. തൊഴിലാളി കേമ്പില്‍ വെള്ളവും വെളിച്ചവും ഇല്ലാതാവുകയും ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തു. മെഡിക്കല്‍ സൗകര്യം ലഭിക്കാത്തത് കൊണ്ടു രോഗം ബാധിച്ച പലര്‍ക്കും ചികിത്സ ലഭ്യമാവാത്ത അവസ്ഥയും ഉണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ തൊഴില്‍ തര്‍ക്ക പരിഹാര വകുപ്പിനെയും സമീപിച്ചിട്ടുണ്ട്.


എന്നാല്‍ യാത്രാ രേഖകള്‍ തിരിച്ചു നല്‍കാമെന്നല്ലാതെ ശമ്പളമോ മറ്റാനുകൂല്യങ്ങളോ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല എന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഏകദേശം എല്ലാ തൊഴിലാളികളും വര്‍ഷങ്ങളായി അവിടെ ജോലി ചെയ്യുന്നതിനാല്‍ ഗ്രാറ്റ്വിറ്റി ലഭിക്കാനും അര്‍ഹരാണ്. എന്നാല്‍ ഒരു തുകയും നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ജോലി മാറാനുള്ള No objection certificate തരുന്നതിനെ കുറിച്ചു ആലോചിക്കാം എന്നുമാണ് മദ്ധ്യസ്ഥ ചര്‍ച്ചയില്‍ കമ്പനി അറിയിച്ചത്.


തൊഴിലാളികളില്‍ 200 ഓളം മലയാളികളുണ്ട്. U.K ആസ്ഥാനമായ കമ്പനിക്ക് സൗദിയിലും യു.എ.ഇ.യിലും മറ്റും സാന്നിധ്യമുണ്ട്. എന്നാല്‍ ഒമാനിലെ ഉടമസ്ഥര്‍ ഇന്ത്യാക്കാരാണ്. ഒമാനിലെ ഇന്ത്യന്‍ എമ്പസ്സി ചെറിയ സഹായങ്ങള്‍ എത്തിക്കുകയും മദ്ധ്യസ്ഥ ചര്‍ച്ചയില്‍ റോള്‍ വഹിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഏതാനും ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും എത്തിച്ചു. എന്നാല്‍ കുറേ കൂടെ ശക്തമായ ഒരു ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട് എന്ന് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കൊണ്ടു മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്‍ സാമൂഹ്യ ക്ഷേമ സെക്രട്ടറി പി.എം. ജാബിര്‍ പറഞ്ഞു. തൊഴിലാളികളുടെ വിഷയത്തില്‍ ഉടന്‍ ഇടപെട്ടു കൊണ്ട് ഈ തൊഴിലാളികള്‍ക്ക് അശ്വാസം പകരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു അഭ്യര്‍ഥിച്ചു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News