തിരുവനന്തപുരം; മുരുകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണസംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ് നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ മൊഴി സംഘം രേഖപ്പെടുത്തി. വീഴ്ച പറ്റിയിട്ടില്ലെന്ന ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് എസിപി A അശോകന്‍ പറഞ്ഞു.
ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ACP എ.അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാവിലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയത്. സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശ്രീകുമാരിയുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.

ആശുപത്രിയില്‍ ആകെയുള്ള 71 വെന്റിലേറ്ററുകളില്‍ 54എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും,മറ്റുള്ള 17 എണ്ണം കേടായതിനാല്‍ മാറ്റി വച്ചിരിക്കുകയാണെന്നും മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ മൊ!ഴി നല്‍കി. ഈ സാഹചര്യത്തില്‍ ഉപകരണങ്ങള്‍ പരിശോധിക്കുന്ന ആശുപത്രിയിലെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

വീഴ്ചയുണ്ടായിട്ടില്ലെന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പോലീസ് അന്വേഷണപരധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ACP എ.അശോകന്‍ പറഞ്ഞു. കേസില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വീഴ്ച പറ്റിയോയെന്ന്പരിശോധിക്കുമെന്നും എസിപി വ്യക്തമാക്കി.

സാങ്കേതികമായ നിരവധി കാര്യങ്ങള്‍ ഉള്ളതിനാല്‍ മൊഴിയും മറ്റ് രേഖകളും ഡോക്ടര്‍മാരുള്‍പ്പെടുന്ന ഒരു വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. തെളിവുകള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കണെമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.