സിരകളില്‍ പോരാട്ടത്തിന്റെ അഗ്‌നി പടര്‍ത്തിയ ബലികുടീരങ്ങളെ… ഇരമ്പിയാര്‍ക്കുന്ന ഗാനസ്മരണയ്ക്ക് 60 വയസ്

കോട്ടയം: ബലികുടീരങ്ങളെ, സ്മരണകളിരമ്പും രണസ്മാരകങ്ങളെ….

മലയാളിയുടെ സിരകളില്‍ പോരാട്ടത്തിന്റെ അഗ്‌നി പടര്‍ത്തിയ എക്കാലത്തെയും മികച്ച വിപ്ലവഗാനം. രക്തസാക്ഷികളോടുള്ള ആദരവിലൂടെ സിരകളെയുണര്‍ത്തുന്ന ഈ ഗാനത്തിന്റെ ആസ്വാദ്യകയും സ്വീകാര്യതയും ഇന്നും എത്ര വലുതാണ്.

വയലാര്‍ ദേവരാജന്‍മാരുടെ ആദ്യ സൃഷ്ടിയായ ഈ ഗാനം 1957ലാണ് ജന്‍മം കൊള്ളുന്നത്. കേരള ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന 1957ല്‍ കേരളത്തിന്റെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍, 1857ലെ ഒന്നാംസ്വാതന്ത്യസമരത്തിന്റെ 100ാം വാര്‍ഷിക സ്മാരകമായി പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. 1957 ആഗസ്റ്റ് 14ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അന്ന് വെകീട്ട് തിരുവനന്തപുരം വിജെടി ഹാളില്‍ ഉദ്ഘാടന സമ്മേളനത്തിലാണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ദേവരാജന്‍ മാസ്റ്റര്‍, കെ എസ് ജോര്‍ജ്, നടന്‍ ജോസ് പ്രകാശ്, അഡ്വ ജനാര്‍ദ്ദനക്കുറുപ്പ് തുടങ്ങി 25 പേര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.ആ ചടങ്ങിനെ ഇരമ്പിയാര്‍ക്കുന്ന സ്വാതന്ത്യസ്മരണകളിലേക്ക് കൊണ്ടുപോകുന്നതിനായി രൂപം കൊടുത്ത അഭിവാദ്യഗാനമാണ് ഇന്നും കേരളത്തിന്റെ ജനകീയപോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന വിപ്ലവഗാനമായി മാറിയത്.

കല എന്ന ഉപാധി ജനകീയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജംപകരാനുള്ളതാണെന്ന് വിശ്വസിച്ച കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസായിരുന്നു ഈ ഗാനത്തിന്റെ പിറവിയിലേക്കുള്ള ആദ്യഅവസരം തുറന്നിട്ടത്. ടി കെ രാമകൃഷ്ണന്‍, അഡ്വ ജനാര്‍ദ്ദനക്കുറുപ്പ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കോട്ടയം ജില്ലാസെക്രട്ടറി സി എസ് ഗോപാലപിള്ള എന്നിവര്‍ക്കായിരുന്നു ചുമതല. കുമരകം ശങ്കുണ്ണിമേനോനും പൊന്‍കുന്നം വര്‍ക്കിയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഒപ്പം നിന്നു. ഗാനം രചിക്കാന്‍ വിപല്‍വ യുവ കവി വയലാറിനേയും ഈണം നല്‍കാന്‍ തെരഞ്ഞെടുത്തു. അന്നത്തെ ബെസ്‌റ്റോട്ടലില്‍ ഇരുന്ന് വയലാര്‍ കുത്തിക്കുറിച്ചു.

ബലികുടീരങ്ങളെ, സ്മരണകളിരമ്പും രണസ്മാരകങ്ങളെ…

മലയാളിയുടെ വിപ്ലവ ചേദനയ്ക്ക് എന്നും ഊര്‍ജ്ജമേകിയ ബലികുടീരങ്ങളെയെന്ന അനശ്വരഗാനത്തിന് 60 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ആ ഗാനത്തിന് ജന്‍മം നല്‍കിയ അക്ഷരനഗരിയില്‍ കലാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ ഒത്തുചേര്‍ന്നു. കോട്ടയത്തെ പുരോഗമനകലാസാഹിത്യസംഘം പ്രവര്‍ത്തകരായിരുന്നു ഇരമ്പിയാര്‍ന്ന സ്മരണകളുടെ അലകടല്‍ സൃഷ്ടിച്ചതിനുപിന്നിലെ സംഘാടകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here