ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് നാല്‍പ്പതുകാരിയായ വിധവയെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു;മലം തീറ്റിച്ചും പീഡിപ്പിച്ചുമായിരുന്നു അരുംകൊല

ജയ്പുര്‍:രാജസ്ഥാനിലെ അജ്മീറില്‍ നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് നാല്‍പ്പതുകാരിയായ വിധവയെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. അവരെ ക്രൂരമായി പീഡിപ്പിച്ച്, മലം തീറ്റിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണെമന്ന് പറയുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ഇങ്ങനെയൊരു സംഭവം എന്ന് നമ്മള്‍ ഓര്‍ക്കണം.

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ കേര്‍ക്കി ഗ്രാമത്തിലാണ് സംഭവം. വിധവയായ നാല്‍പ്പതുകാരി കന്യാദേവിയാണ് ദുര്‍മന്ത്രവാദിനിയെന്ന് ആരോപിക്കപ്പെട്ട് ഗ്രാമവാസികളുടെ ക്രൂരപീഡനത്തിന് ഇരയായി മരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് സംഭവം നടന്നതെങ്കിലും വാര്‍ത്ത പുറത്തെത്തുന്നത് ഒമ്പതാം തിയതിയാണ്.സംഭവത്തില്‍ ഇവരുടെ ബന്ധുക്കളായ അഞ്ചു പേര്‍ അറസ്റ്റിലായി.സ്വന്തം മകന്റ മുന്നില്‍ വെച്ചാണ് ഈ ക്രൂരത ഇവര്‍ കാണിച്ചത്.രാഹുല്‍ എന്നാണ് ഈ മകന്റെ പേര്. കത്തുന്ന കല്‍ക്കരി അമ്മയുടെ കയ്യില്‍ പിടിപ്പിക്കുകയും ചെയ്തു. ദയക്കു വേണ്ടിയുള്ള അമ്മയുടെ കരച്ചില്‍ ആരും കേട്ടില്ലെന്ന് പതിനഞ്ചുകാരന്റെ വാക്കുകള്‍.
‘എന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയും അവളുടെ സുഹൃത്തും ഞങ്ങളുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. വീട്ടില്‍ എത്തിയ ഉടന്‍ പെരുമാറ്റത്തില്‍ ചില വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങി. തങ്ങളുടെ ശരീരത്തില്‍ ആത്മാക്കള്‍ ആവേശിച്ചതായി അവര്‍ അവകാശപ്പെട്ടു. എന്നിട്ട് എന്റെ അമ്മ ദുര്‍മന്ത്രവാദിനിയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. അവരില്‍ ഒരാള്‍ എന്റെ അമ്മയുടെ മുടി പിടിച്ചു വലിക്കുകയും മറ്റേ പെണ്‍കുട്ടി അമ്മയെ മര്‍ദിക്കാനും തുടങ്ങി.

അതോടെ നാട്ടുകാര്‍ വീടിനു മുമ്പില്‍ കൂട്ടംകൂടി. അവര്‍ പാടത്തുനിന്ന് മനുഷ്യ വിസര്‍ജ്യം എടുത്തുകൊണ്ടു വരികയും അമ്മയെ മര്‍ദിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. ഓവുചാലിലെ വെള്ളവും അവര്‍ അമ്മയെ കൊണ്ട് കുടിപ്പിച്ചു. അമ്മ അപ്പോഴെല്ലാം നിലവിളിക്കുകയും വെറുതെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആള്‍ക്കൂട്ടം അതിന് ചെവി കൊടുത്തതേയില്ല.

അവര്‍ അമ്മയുടെ വസ്ത്രം വലിച്ചുകീറുകയും അമ്മയെ നഗ്‌നയാക്കി നടത്തുകയും ചെയ്തു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് പിറ്റേദിവസം അമ്മ മരിച്ചു ആ പതിനഞ്ചുകാരന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു. അമ്മയുടെ മരണത്തിലേക്കു നയിച്ച ക്രൂരത തുടങ്ങിവെച്ച പെണ്‍കുട്ടികളെ ഖാപ് പഞ്ചാത്ത് വെറുതെവിട്ടു. ഓരോരുത്തരും 2500 രൂപ പിഴയടക്കണമെന്നായിരുന്നു ഖാപിന്റെ വിധി. ഈ അസമത്വങ്ങള്‍ക്കും,കൊടും ക്രൂരതകള്‍ക്കും അറുതി വരുത്താന്‍ കഴിയാത്ത നിസഹായരാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here