സ്വാതന്ത്ര്യദിനത്തിലും ഗൊരഖ്പൂര്‍ ദുരന്തത്തിന് അവസാനമായില്ല; മരണം 75 ആയി; രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു

ദില്ലി: രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ മരണം തുടരുന്നു. തിങ്കളാഴ്ച നാലുകുട്ടികള്‍കൂടി മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതോടെ മതിയായ ചികിത്സ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 75 ആയി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഓക്‌സിജന്‍വിതരണം നിലച്ചതിനെ തുടര്‍ന്ന് പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചത് രാജ്യത്തെ ഞെട്ടിച്ചിട്ടും യുപി സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അക്ഷീണപ്രയത്‌നം നടത്തിയ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുത്ത്് കൈകഴുകാനാണ് സര്‍ക്കാരിന്റെ ശ്രമം.

സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍കൂട്ടത്തോടെ മരിച്ച് മൂന്നുദിവസം പിന്നിട്ടിട്ടും പൊലീസ് ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തില്ല. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് വിശദീകരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല എന്ന ആരോപണവുമുണ്ട്. ആശുപത്രിയില്‍നിന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനാല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നീക്കംതുടങ്ങി. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്ത ഡോ. കഫീല്‍ അഹമ്മദ് ഖാന് ന്യൂഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു.

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയുടെ വെളിപ്പെടുത്തലും സര്‍ക്കാരിനെതിരാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാല ലജ്പത് റായ് മെമ്മോറിയല്‍ ആശുപത്രി ഓക്‌സിജന്‍ വിതരണക്കമ്പനിക്ക് 14 ലക്ഷം രൂപ നല്‍കാനുണ്ടെന്ന വിവരം പുറത്തുവന്നു.

ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കാനിടയാക്കിയത് സര്‍ക്കാരിന്റെ ഗുരുതരവീഴ്ച മൂലമാണെന്ന് രൂക്ഷവിമര്‍ശനം ഉന്നയിച്ച ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ജീവിക്കാനുള്ള അവകാശം നിഷേധിച്ചതായി വിലയിരുത്തിയ കമീഷന്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിന് നോട്ടീസ് നല്‍കി. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരവും കുറ്റവാളികള്‍ക്കെതിരെ സ്വീകരിച്ച നടപടിയും വ്യക്തമാക്കി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചു.

യുപി സര്‍ക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ ഗോരഖ്പുരിലും രാജ്യത്തിന്റെ വിവിധഭാഗത്തും പ്രതിഷേധം ശക്തമായി. സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ യുപിയിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. ഗോരഖ്പുരില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കോലം കത്തിച്ചു. അലഹബാദില്‍ ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങിനുനേരെ സമാജ്വാദി പാര്‍ടി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ന്യൂഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കൊടുമ്പിരികൊള്ളുന്ന ജനരോഷത്തോട് പരിഹാസത്തോടെയാണ് ബിജെപി നേതൃത്വത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതികരണം. രാജ്യത്ത് ഇത് ആദ്യത്തെ സംഭവമല്ലെന്നും സമാനദുരന്തങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News