കൊല്ലം ബൈപാസ് 2018 മെയ് മാസത്തില്‍ യാഥാര്‍ത്ഥ്യമാകും

കൊല്ലം; കൊല്ലം ബൈപാസ് നിര്‍മാണം 2018 മേയ് മാസത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ബൈപാസിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി. ബൈപാസിന്റെ നിര്‍മാണം 65 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഇനിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി നടത്തുന്നതിന് മണ്ണിന്റെയും മറ്റു നിര്‍മാണ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കും.
കാവനാട് ജംഗ്ഷന്റെ വികസനത്തിനുള്ള രൂപരേഖയ്ക്ക് അനുസൃതമായി പ്രവൃത്തികള്‍ നടന്നുവരുന്നു. ബൈപ്പാസില്‍ കുരീപ്പുഴയെ കാവനാടുമായി ബന്ധിപ്പിക്കുന്ന അരവിള പാലത്തിന്റെ നാവിഗേഷന്‍ സ്പാനുകള്‍ നാലുമാസത്തിനകം പൂര്‍ത്തിയാകും. ദേശീയ ജലപാത കടന്നുപോകുന്ന സ്ഥലമായതിനാലാണ് നാവിഗേഷന്‍ സ്പാനുകള്‍ വേണ്ടിവരുന്നത്. നീരാവിലെ അടിപ്പാതയുടെയും അനുബന്ധ റോഡിന്റെയും പണി അവസാനിച്ചിട്ടുണ്ട്. നീരാവില്‍ പാലം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ റോഡിന്റെ പണിക്ക് മണ്ണിന്റെ ദൗര്‍ലഭ്യം തടസമാകുന്നുണ്ട്. തൃക്കടവൂര്‍ ഒറ്റക്കല്‍ ഭാഗത്ത് കൊല്ലംതേനി ദേശീയ പാതയില്‍ അടിപ്പാത നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
കടവൂര്‍ പാലത്തിന്റെ പണി പകുതിയിലേറെ പിന്നിട്ടുണ്ട്. മങ്ങാട് പാലത്തിന്റെ അനുബന്ധ റോഡ് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് ഈ ഭാഗത്തെ കലുങ്ക് 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണം. കല്ലുംതാഴംമേവറം റോഡിന്റെ വീതി കൂട്ടല്‍ ഡിസംബറിനുള്ളില്‍ തീര്‍ക്കും. കാവനാട്, കടവൂര്‍, കല്ലുംതാഴം, അയത്തില്‍, മേവറം എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ബസ്‌ബേകള്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ക്വാറി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആഗസ്റ്റ് 19ന് കലക്‌ട്രേറ്റില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here