ദേശീയതയില്‍ വിഷം ചേര്‍ക്കുന്നവരെ ചെറുക്കണം; ഗൊരഖ്പൂര്‍ ദുരന്തത്തില്‍ കേരളത്തിന്റെ ദു:ഖവും മുഖ്യമന്ത്രി രേഖപ്പെടുത്തി

തിരുവനന്തപുരം: ദേശീയതയില്‍ വിഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പിക്കണമെന്ന് പിണറായി. അഴിമതിയില്‍ ചില പാര്‍ട്ടികള്‍ തന്നെ വീഴുന്നത് ആശാസ്യമല്ല. ബഹുസ്വരതയുടെ വര്‍ണരാജിയുമായി മുന്നേറണമെന്നും സ്വാതന്ത്രദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഗോരഖ്പൂര്‍ ദുരന്തത്തില്‍ കേരളത്തിന്റെ അനുശോചനവും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത ആശങ്കയോടെ കാണണമെന്നും പിണറായി പറഞ്ഞു. രാജ്യത്ത് ചില വിഭാഗക്കാരുടെ കണ്ണീര്‍ വര്‍ധിച്ച് വരികയാണ്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിക്ക് പോലും അസഹിഷ്ണുതക്കെതിരെ സംസാരിക്കേണ്ടി വന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ സത്തമനസിലാക്കാത്ത ചിലര്‍ വിമര്‍ശിക്കുകയാണ്ചെയ്യുന്നതെന്നും ഇത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ക്ര​മ​സ​മാ​ധാ​നം, സ്ത്രീ​സു​ര​ക്ഷ, ലിം​ഗ​നീ​തി, ഈ ​മേ​ഖ​ല​ക​ളി​ൽ സംസ്ഥാന സര്‍ക്കാര്‍ ഒരു വി​ട്ടു​വീ​ഴ്ചയും ചെയ്യില്ല. ഏതെങ്കിലും ചിഹ്നത്തിന്‍റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ദേശീയത ഐക്യത്തിനു വഴിവക്കില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സംസ്ഥാനത്തെ സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്കും മുഖ്യമന്ത്രി ഔദ്യോഗിക തുടക്കം കുറിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ പിണറായി സംസ്ഥാന സേനയുടെ സല്യൂട്ടും സ്വീകരിച്ചു. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.

രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും വിശിഷ്ട സേവാ മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു. മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള പ്രത്ജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്തും പ‍ഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരുന്നത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകമെങ്ങുമുള്ള മലയാളികള്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നിരുന്നു. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിനു കഴിയട്ടെ എന്ന് മുഖ്യമന്ത്രി സന്ദേശത്തിലൂടെ ആശംസിച്ചു. സമാധാനവും സമുദായ സൗഹാര്‍ദവും പുരോഗമന ചിന്തയും പുതിയ ആശയങ്ങളോടുള്ള തുറന്ന സമീപനവുമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിത്തറയെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here