ത്യാഗത്തിന്റെ കണക്ക് എവിടെയും പറഞ്ഞിട്ടില്ലാത്ത മനുഷ്യര്‍; അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രത്തില്‍ നിന്ന് ഒരു അച്ഛാച്ചന്റെ ഓര്‍മ്മ

അറിയപ്പെടാത്ത ആയിരക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ രക്തവും ത്യാഗവും വിയര്‍പ്പും കലര്‍ന്ന ചരിത്രത്തില്‍ നിന്ന് ഒരു അച്ചാച്ചന്റെ ജീവിത കഥ

ഒന്നര പതിറ്റാണ്ട് മുമ്പ് തൊണ്ണൂറാമത്തെ വയസ്സില്‍ ഇറങ്കല്ലില്‍ നിന്ന് വീണ് പരിക്കേറ്റ് ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കുന്നതു വരെ അച്ചാച്ചന്‍ വിശ്വസിക്കാത്ത ഒരു കാര്യമേയുണ്ടായിരുന്നുള്ളൂ സുഭാഷ് ചന്ദ്രബോസിന്റെ മരണം. ”അതൊരു കള്ളക്കഥയാണ്. ബോസ് തന്നെ കെട്ടിച്ചമച്ച കഥ. എടാടന്‍ ചിണ്ടന്‍ നായരായിരുന്നു ബോസിന്റെ ഡ്രൈവര്‍. ഞങ്ങള്‍ ക്യാമ്പിന്റെ ഗേറ്റ് വരെ യാത്രയാക്കാന്‍ പോയി. പിന്നെ ചിണ്ടന്‍ നായരും ബോസും മാത്രം ജീപ്പില്‍ പോയി. ചിണ്ടന്‍ നായര്‍ക്കറിയാം സത്യം. ബോസ് മരിച്ചിട്ടില്ല. എവിടെ ജീവിക്കുന്നുവെന്നത് ബോസിന് മാത്രം അറിയാവുന്ന രഹസ്യം”.

നേതാജിയുടെ ഡ്രൈവര്‍ കാങ്കോലിലെ ചിണ്ടന്‍ നായര്‍ മൂന്നാല് വര്‍ഷം മുമ്പ് മരിച്ചു; ഒപ്പം ഇന്ത്യ ഇന്ന് കേട്ടാല്‍ ഞെട്ടിയേക്കാവുന്ന ആ തിരോധാനത്തിന്റെ രഹസ്യവും. അച്ചാച്ചന്‍ പതിമൂന്ന് വര്‍ഷം മുമ്പും മരിച്ചു. അച്ചാച്ചന്‍ എന്നാല്‍ അമ്മയുടെ അച്ഛന്‍ !(ഔദ്യോഗിക രേഖകളില്‍ സ്വാതന്ത്ര്യ സമര സേനാനിയും ഐഎന്‍എ പോരാളിയുമായിരുന്ന പരേതനായ കെപി കണ്ണന്‍ നായര്‍ കാനാ പുതിയ വീട്ടില്‍ കണ്ണന്‍, മുത്തത്തി). ഞങ്ങളുടെ പഴയ വീട് പൊളിക്കുന്നതുവരെ നേതാജിയുടെ പട്ടാള വേഷത്തിലുള്ള ചിത്രമായിരുന്നു ആ വീടിന്റെ ഐശ്വര്യം.

ബോസ് ഞങ്ങളുടെ കുടുംബത്തില്‍ തന്നെയുണ്ടായിരുന്ന പട്ടാളക്കാരനായ ഏതോ ഒരു മുത്തച്ഛനാണെന്ന വിചാരമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക്. ചരിത്രം മുത്തച്ഛന്‍ കഥകളായി വന്ന് നിറഞ്ഞപ്പോള്‍ സുഭാഷ് ബോസിനെ ഞങ്ങളും പതുക്കെ ആരാധിക്കാന്‍ തുടങ്ങി. പലതലമുറകളുടെ ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍ ഞങ്ങളുടെ ഓര്‍മ്മയുടെ കരിപുരണ്ട ഇറയകത്തിന്റെ കുമ്മായച്ചുവരില്‍ നിന്ന് ഇപ്പോഴും ഇറക്കിവെച്ചിട്ടില്ലാത്തതിനാല്‍ വല്ലാത്തൊരു അനുഷ്ഠാനപരതയോടെ അച്ചാച്ചന്‍ ബോസിന്റെ ചിത്രം തഴുകി നില്‍ക്കുന്നത് ഞാനിപ്പോഴും കാണുന്നു.

ഞാന്‍ മനസ്സിലാക്കിയെടുത്തോളം ഞങ്ങളുടെ കൊച്ചുഗ്രാമം എത്രയോ ഐഎന്‍എ പോരാളികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. പോസ്റ്റുമാന്‍ കേശവേട്ടന്‍ സ്വാതന്ത്യ്രസമര പെന്‍ഷന്റെ മണിയോര്‍ഡറുകള്‍ തുപ്പലു തൊട്ട് എണ്ണുന്നത് ഏറ്റവും കൂടുതല്‍ ഞങ്ങളുടെ നാട്ടിലായിരുന്നു. അവസാനത്തെ നൂറുരൂപ നോട്ട് അയാള്‍ പത്തിന്റെ പത്തു നോട്ടുകളായാണ് നല്‍കുക. അതില്‍ ഒരു പത്ത് അയാള്‍ക്കുള്ളതാണെന്ന് അയാള്‍ക്കറിയാം. പിന്നീടുള്ള പത്തു രൂപകള്‍ ഞങ്ങള്‍ കുട്ടികള്‍ക്കുള്ളതാണെന്ന് ഞങ്ങള്‍ക്കും.
ഞങ്ങള്‍ വലുതാകുന്തോറും അച്ചാച്ചന്റെ പെന്‍ഷനും ഞങ്ങളുടെ വീതങ്ങളും ചരിത്രത്തിനൊപ്പം കൂടിക്കൊണ്ടിരുന്നു. അച്ചാച്ചനാകട്ടെ പ്രത്യേകിച്ച് അസുഖങ്ങളൊന്നും മരിക്കുന്നതുവരെ ഉണ്ടായതായി കണ്ടിട്ടില്ല. വയലിലും പറമ്പിലും എപ്പോഴും അദ്ധ്വാനിക്കും. രാത്രി ഊണിന് മുമ്പ്, പട്ടാളക്കാരായ അനന്തരവന്മാര്‍ ആരെങ്കിലും കൊണ്ടുവന്ന് നല്‍കിയ രണ്ട് പെഗ് മദ്യമാണ് ഏക ദുശ്ശീലം. അതൊരിക്കലും രണ്ട് പെഗ്ഗില്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. പട്ടാളക്ക്വാട്ട തീരുമ്പോള്‍ കുന്നിമ്പുറത്ത് കുതിരക്കൊട്ടച്ചാലില്‍ പോയാല്‍ നല്ല നാടന്‍ റാക്ക് കിട്ടും.


സ്‌കൂള്‍ വിട്ടുവന്നാല്‍ നങ്കീസിന്റെ പഴയ സഞ്ചിയും കോര്‍ക്കിട്ട കുപ്പിയുമായി മണ്ണെണ്ണയോ പാലോ വാങ്ങാന്‍ പോകുന്ന സ്വാഭാവികതയോടെ ഞാന്‍ വയല്‍ കടന്ന് അക്കരെ കുന്നിന്മേലേക്ക് പോകും. നാടന്‍ റാക്കിന്റെ കുന്നിലെ രഹസ്യസങ്കേതങ്ങളെല്ലാം അച്ചാച്ചന്‍ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ചില ആഴ്ച്ചകളില്‍ മുത്തപ്പനുള്ള പൈങ്കുറ്റി വേളയില്‍ എനിക്ക് പണി ഇരട്ടിയാകും. അതിനുള്ള കൂലിയായി വാഴയിലയില്‍ കടല പുഴുങ്ങിയതും തേങ്ങാപ്പൂളും എനിക്ക് അച്ചാച്ചന്‍ അധികമായി തരും. മുത്തപ്പ നുറുമാല്യത്തിലെ ചുട്ട ഉണക്കുമീന്‍ പൊട്ടിച്ച് തിന്ന് നാടന്റെ ഓരോ ഇറക്കുകളിലേക്ക് അച്ചാച്ചന്‍ ലഹരി കൊള്ളുമ്പോഴാണ് പഴയ കഥകള്‍ ഓരോന്നായി പുറത്തേക്ക് വരിക.

സ്‌കൂളില്‍ ഒരു തവണ സ്വാതന്ത്ര്യ ദിനത്തിന് പതാക ഉയര്‍ത്താന്‍ വന്നത് അച്ചാച്ചനാണ്. സ്‌കൂളില്‍ പഠിപ്പിക്കുന്നതില്‍ നിന്നുമാറി വേറൊരു സ്വാതന്ത്ര്യ സമര ചരിത്രം. അന്നത്തെ മാഷന്മാര്‍ക്കോ നാട്ടുകാര്‍ക്കോ ഒന്നും അതില്‍ താല്‍പ്പര്യമുണ്ടായില്ല. അച്ചാച്ചന്‍ പിന്നീട് അത്തരം ചടങ്ങുകള്‍ക്കൊന്നും നിന്നു കൊടുത്തിട്ടില്ലെന്നാണ് എന്റെ അറിവ്. ഗാന്ധിക്കും നെഹ്രുവിനും അച്ചാച്ചന്റെ സ്‌കൂളില്‍ സുഭാഷ് ബോസിന്റെ പിന്‍വരിയിലാണ് സ്ഥാനം ആര് അംഗീകരിച്ച് കൊടുക്കും ഇതൊക്കെ.


‘ബോസ് വന്നാല്‍ പ്രധാനമന്ത്രിയാകും. നെഹ്രുവിന് മരിക്കുന്നത് വരെ ഭയം എന്നെങ്കിലും തിരിച്ചുവന്നേക്കാമായിരുന്ന സുഭാഷിനെയാണ്.” അച്ചാച്ചന്‍ പറഞ്ഞതോരോന്നും ശരിയാണെന്ന് തെളിയുകയാണിപ്പോള്‍. 1964 വരെ ബോസ് ജീവിച്ചിരുന്നതിനും തായ്വാനില്‍ നിന്ന് സോവിയറ്റ് യൂനിയനിലേക്ക് കടന്നതിനും വിമാനാപകടത്തെക്കുറിച്ച് എവിടെയും പരാമര്‍ശമില്ലാത്തതിനും ഇപ്പോള്‍ രേഖകള്‍ വന്ന് തുടങ്ങുമ്പോള്‍ ഞാന്‍ അച്ചാച്ചനെ മനസ്സില്‍ തൊഴുകയാണ്.

ബോസ് മരിച്ചിട്ടില്ലെന്ന് അച്ചാച്ചന്‍ പറയുന്നത് എല്ലാ ഐഎന്‍എക്കാരുടെയും അസാധാരണമായ ബോസ് ഭക്തികൊണ്ടാണെന്നേ മുതിര്‍ന്നപ്പോള്‍ പോലും ഞാന്‍ കരുതിയിട്ടുള്ളൂ. പിന്നീട് മാധ്യമത്തിന്റെ ലേഖകന്‍ രാഘവേട്ടനോട് ഞാന്‍ അച്ചാച്ചന്റെ സുഹൃത്തും നേതാജിയുടെ ഡ്രൈവറുമായിരുന്ന എടാടന്‍ ചിണ്ടന്‍ നായരെക്കുറിച്ച് പറഞ്ഞു. ആ പഴയ വെളിപ്പെടുത്തലുകള്‍ക്കും ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളകളിലേക്ക് എടുത്ത് ചാടുകയൊന്നുമായിരുന്നില്ല അച്ചാച്ചനെന്ന് അദ്ദേഹം തെളിച്ച് തന്നെ പറഞ്ഞിരുന്നു. പട്ടിണി നിറഞ്ഞ യൗവ്വനത്തോട് പടവെട്ടാനായിരുന്നു, ജന്മി വേങ്ങയില്‍ നായനാന്മാരുടെ (അതെ, മലയാളത്തിലെ ആദ്യത്തെ കഥാകൃത്ത് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും സഹോദരന്മാരും തന്നെ) അടിമപ്പണികളില്‍ നിന്ന് മോചിതനായി അദ്ദേഹം മലായിലേക്ക് പോയത്. മലായ് ആണ് അന്നത്തെ മലയാളികളുടെ ദുബായ് എന്ന് അച്ചാച്ചന്‍ പറയും.

മേലേഷ്യയില്‍ നേവല്‍ ബേസിലായിരുന്നു ആദ്യം ജോലി. ആയിടക്കാണ് കുടിയേറ്റ ഇന്ത്യക്കാരെ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിപ്പിക്കാനായി സുഭാഷ് ചന്ദ്രബോസ് മലേഷ്യയില്‍ എത്തിയത്. സ്വാതന്ത്ര്യമോഹത്തേക്കാള്‍ ബോസ് എന്ന മനുഷ്യന്റെ അസാധാരണ നിശ്ചയദാര്‍ഡ്യമുള്ള വാക്കും രൂപവുമാണ് അച്ചാച്ചനെയും എന്റെ നാട്ടിലുള്ള പലരുടെയും അച്ചാച്ചന്മാരെയും ഐഎന്‍എയില്‍ ചേര്‍ത്തത്. ഗാന്ധിജിക്കുപോലും ഭയമായിരുന്നു ബോസിന്റെ ഈ പ്രഭാവലയത്തെയെന്നത് ചരിത്രം.

കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനത്ത് ബോസ് വാഴാതിരിക്കാന്‍ ഗാന്ധിജിയുള്‍പ്പെട്ട ഉപജാപകവൃന്ദത്തിന്റെ കഥകള്‍ പില്‍ക്കാലത്ത് അച്ചാച്ചന്‍ വലിയ ഉച്ചത്തില്‍ തെറിയുടെ ഭാഷയില്‍ പറയുന്നത് നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ മക്കള്‍ വായ്‌പൊത്തും. കുതിരക്കൊട്ടച്ചാലിലെ നാടന്‍ റാക്കിന്റെ വീര്യത്തെ പഴിക്കും.

ഐഎന്‍എയിലായിരുന്നപ്പോള്‍ ജപ്പാന്‍കാരുടെ റബ്ബര്‍ത്തോട്ടത്തിലും അച്ചാച്ചന് പണിയെടുക്കണം. ജപ്പാന്‍കാരുമായുള്ള ബോസിന്റെ എന്തോ ഒരു രഹസ്യ ഉടമ്പടിപ്രകാരമായിരുന്നു അത്. ബ്രിട്ടീഷുകാരോട് മാത്രമല്ല മുഖ്യധാരാ സ്വാതന്ത്ര്യസമര സേനാനികളോടും ബോസിന് പോരാടേണ്ടതുണ്ടായിരുന്നു. എപ്പോള്‍ വേണെമങ്കിലും ഇന്ത്യയിലേക്ക് ബ്രിട്ടീഷ്‌കാരോട് യുദ്ധം ചെയ്യാന്‍ സജ്ജരായി നില്‍ക്കാന്‍ ബോസിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അച്ചാച്ചന്‍ തൊണ്ണൂറുവയസ്സിന്റെ വെള്ളെഴുത്ത് വീണ ഓര്‍മ്മകളില്‍ നിന്ന് പറഞ്ഞു തന്ന ചരിത്രമാണ്, വിശദാംശങ്ങളില്‍ തെറ്റുണ്ടോ എന്നറിയില്ല.


എന്തായാലും 1945ല്‍ ബോസിന്റെ തിരോധാനത്തോടെ നേപ്പാള്‍ ബര്‍മ്മക്കാടുകള്‍ വഴി അച്ചാച്ചന്‍ തന്റെ സഹ പോരാളികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടന്നെങ്കിലും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലടച്ചു. മലായിയിലെ ജോലിയും ഐഎന്‍എക്കാലവുമെല്ലാമായി നീണ്ട പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് അച്ചാച്ചന്‍ പിന്നീട് നാട്ടില്‍ മടങ്ങിയെത്തിയത്. അച്ചാച്ചന്റെ ഭാര്യ അപ്പോഴേക്കും മറ്റൊരാളുടെ ഭാര്യയായിക്കഴിഞ്ഞിരുന്നു. അന്ന് അതൊക്കെ സ്വാഭാവികം.

അതുപോലെ തന്നെ മറ്റൊരാളുടെ ഭാര്യയായിരുന്ന അമ്മമ്മയെ കല്യാണം കഴിച്ചു. അതിലാണ് എന്റെ അമ്മ ഉള്‍പ്പെടെ നാലുമക്കള്‍. എന്തായാലും ജയിലിലടച്ചത് നന്നായെന്ന് അച്ചാച്ചന്‍ പിന്നീട് കള്ളുകുടിക്കുമ്പോള്‍ എന്നോട് ആത്മപരിഹാസത്തോടെ പറഞ്ഞത് ഓര്‍ക്കുന്നു. അതുകൊണ്ട് നിങ്ങളൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ കഴിയുന്നു എന്നാണ് അതിലെ വ്യംഗ്യം. അതായത്, തീഹാര്‍ ജയില്‍ രേഖകള്‍ തെളിവായി സമര്‍പ്പിച്ചത് കൊണ്ടുമാത്രമാണ് അച്ചാച്ചന് സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയത്.

പയ്യന്നൂര്‍ വലിയ സ്വാതന്ത്ര്യസമരങ്ങളുടെ പോരാട്ട ഭൂമിയാണ്. ഇന്ത്യയുടെ രണ്ടാം ബര്‍ദ്ദോളി. അവിടെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലേത് പോലെ തന്നെ ഇങ്ങനെ ചില മനുഷ്യരുടെ സമാന്തരമായൊരു പോരാട്ട ചരിത്രവും എഴുതപ്പെടാതെ പോയിട്ടുണ്ട്. പ്രഖ്യാപിത സ്വാതന്ത്ര്യസമര സേനാനികളുടെ രണ്ടാം മുണ്ട് രാഷ്ട്രീയവും അഭിനയങ്ങളും അവര്‍ക്കറിയില്ലായിരുന്നു. തങ്ങളെ മാതൃകയാക്കൂവെന്ന് അവര്‍ ആരോടും എവിടെയും പറഞ്ഞിട്ടുമില്ല. അച്ചാച്ചനാണെങ്കില്‍ ഒരു കറകളഞ്ഞ മദ്യപാനിയുമായിരുന്നു.

പക്ഷേ സത്യസന്ധതയും നീതിചിന്തയും ചൂഷണവിരുദ്ധതയും ധൈര്യവും ചങ്കൂറ്റവും അദ്ദേഹത്തെ മറ്റോരാളില്‍ നിന്ന് എപ്പോഴും മാറ്റി നിര്‍ത്തി. 1996ല്‍ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് കാലത്ത് ഒരു ഉച്ചയോടെ സഖാവ് പിണറായി വിജയന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. വലിയൊരാളാണ് വന്നതെന്ന ചിന്തയൊന്നുമില്ലാതെ അമ്മമ്മ പിണറായിയോട് കശുവണ്ടി പെറുക്കിക്കൊണ്ട് തന്നെ വളരെ സ്വാഭാവികമായി സംസാരിച്ചത് ഞനോര്‍ക്കുന്നു. അരിവാളിന് കുത്തുന്ന വോട്ട് നമ്മള്‍ അരിവാളിന് തന്നെ കുത്തും.
അതാണ് അമ്മമ്മയുടെ സംസാരത്തിന്റെ സംക്ഷിപ്തം. പിണറായി ചിരിച്ചു; അച്ചാച്ചനും. അന്ന് തൊട്ട് പിണറായിയായിരുന്നു അച്ചാച്ചന്റെ പ്രിയപ്പെട്ട നേതാവ്. അന്നത്തെ അച്ചാച്ചന്റെ മദ്യപാന സദസ്സില്‍ നിന്നാണ് എനിക്ക് ആ മഹാരഹസ്യം പിടികിട്ടിയത്, സഖാവ് പിണറായിക്ക് സുഭാഷ് ബോസിന്റെ ചില സ്വാഭാവവിശേഷങ്ങളുണ്ടത്രെ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News