ചട്ടം ലംഘിച്ച് മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ ദേശീയ ഫ്‌ലാഗ് കോഡും ലംഘിക്കപ്പെട്ടു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയിലാണ് മുഖ്യാതിഥിയായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പങ്കെടുത്തത്. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചട്ടലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തന്നെ പാലക്കാട് ജില്ലാ കലക്ടര്‍ മേരിക്കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റിനും ജില്ലാ പൊലീസ് മേധാവിക്കും കത്ത് നല്‍കിയിരുന്നു.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ പതാക ഉയര്‍ത്തുന്നത് ചട്ട ലംഘനമാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തരുതെന്നും ഇതില്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിര്‍ദേശം മറികടന്ന് സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുകയായിരുന്നു.

 
എന്നാല്‍ നിയമവിരുദ്ധമോ ചട്ടവിരുദ്ധമോ ആയ കാര്യങ്ങള്‍ നടന്നിട്ടില്ലെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. അതേസമയം ചടങ്ങില്‍ നാഷണല്‍ ഫ്‌ലാഗ് കോഡിന്റെ ലംഘനവും നടന്നു. ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം പ്രതിജ്ഞ ചൊല്ലണമെന്നും ഇതിനു ശേഷം ദേശീയ ഗാനം ആലപിക്കണമെന്നുമാണ് നിയമം. എന്നാല്‍ പ്രതിജ്ഞക്ക് ശേഷം സ്‌കൂളിലെ പരിപാടിയില്‍ വന്ദേമാതരമാണ് ആലപിച്ചത്.

നേതാക്കന്‍മാര്‍ വേദി വിട്ടിറങ്ങിയ ശേഷമാണ് ചടങ്ങില്‍ ദേശീയ ഗാനം ആലപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പതിനൊന്ന് മണിയോടെ അസംബ്ലി വിളിച്ച് ചേര്‍ത്ത് സ്‌കൂള്‍ മുറ്റത്തെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ആദ്യം മോഹന്‍ഭാഗവത് പതാക ഉയര്‍ത്തി നടത്തിയത് സ്‌കൂളിന്റെ ഔദ്യോഗിക പരിപാടിയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ മുറ്റത്ത് വീണ്ടും ദേശീയ പതാക ഉയര്‍ത്തിയത്.

നാഷണല്‍ ഫ്‌ലാഗ് കോഡിന്റെ ലംഘനം നടന്നതിലും ചട്ടവിരുദ്ധമായി പതാക ഉയര്‍ത്തിയതിലും നിയമവശങ്ങള്‍ പരിശോധിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയും പ്രിന്‍സിപ്പിലനെതിരെയും നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. എസ് എഫ് ഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here