കേരളസര്‍വ്വകലാശാലയില്‍ ‘അതീവരഹസ്യ’ഉദ്ഘാടന നീക്കം; പ്രതിഷേധത്തെ തുടര്‍ന്ന് വി സി മുങ്ങി

തിരുവനന്തപുരം: കേരളസര്‍വ്വകലാശാല ആസ്ഥാനത്ത് ഏഴ് കോടിരൂപ ചിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വൈസ് ചാന്‍സിലറുടെ രഹസ്യനീക്കം. സംഭവം പുറത്തറിഞ്ഞതോടെ ഉദ്ഘാടനം ഉപേക്ഷിച്ച് വി.സി മുങ്ങി. പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചത് ഇന്ന് രാവിലെ 8.30നാണ്. എന്നാല്‍ ഈ തീരുമാനമെടുത്തത് ഇന്നലെ അര്‍ദ്ധരാത്രിയെടെയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സേവനകേന്ദ്രം സര്‍വ്വകലാശാല ആസ്ഥാനത്ത് പണിയുന്ന പുതിയകെട്ടിടത്തിലേക്ക് മാറ്റാനും അത് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ കൊണ്ട് ഉദ്ഘാടനം ചെയ്യാനുമുള്ള ആലോചനകള്‍ നടന്നുവരുന്നതിനിടെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിനന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിക്കാന്‍ ഇന്നലെ രാത്രിയോടെ വൈസ് ചാന്‍സിലര്‍ തീരുമാനിക്കുകയായിരുന്നു. വി.സിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ ഭരണവിഭാഗം ജോയിന്റ്രജിസ്ട്രാര്‍ ഡോ.പി രാഗവന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ജീവനക്കാര്‍ സ്വതന്ത്ര്യദിനത്തിനുള്ള ഒരുക്കങ്ങളില്‍ പോലും പങ്കെടുക്കാതെ ഇന്നലെ രാത്രി മുഴുവന്‍ ഉറക്കമില്ലാതെ പണിയെടുത്തു.


ഇന്നലെ ഒറ്റ രാത്രികൊണ്ട് രഹസ്യമായി സര്‍വ്വകലാശാലാ ആസ്ഥാനത്തെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചു. വിദ്യാര്‍ത്ഥികളുടെ സേവനകേന്ദ്രമെന്ന ബോര്‍ഡും രാവിലെ തന്നെ പുതിയ കെട്ടിടത്തില്‍ സ്ഥാപിച്ചു. രാത്രി അടച്ച കട തുറപ്പിച്ച് ഉദ്ഘാടനത്തിനുള്ള റിബണും കത്രികയും വാങ്ങി. തുടര്‍ന്ന് നേരത്തെ തീരുമാനിച്ചത്‌പോലെ രാവിലെ 7.45ന് തന്നെ വൈസ് ചാന്‍സിലര്‍ എത്തിചേര്‍ന്നു.
സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എല്ലാജീവനക്കാര്‍ക്കും നേരത്തെതന്നെ നിര്‍ദ്ദേശമുണ്ടായിരുന്നു.ഇതിന്റെ ഭാഗമായി എല്ലാവരും 8.30ന് എത്തിയിരുന്നു. 8.40ന് പതാകഉയര്‍ത്തി വി.സി സെക്ക്യുരിറ്റിജീവനക്കാരുടെ സല്യീട്ട് സ്വീകരിച്ചു.  തുടര്‍ന്ന് 9മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അപ്രതീക്ഷിതമായി നിര്‍വ്വഹിക്കാനായിരുന്നു നീക്കം. എന്നാല്‍ വി സിയുടെ രഹസ്യനീക്കം ചോര്‍ന്നതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റഅംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എസ് എഫ് ഐ വിദ്യാര്‍ത്ഥികളും വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി കെട്ടിടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളും സെനറ്റ് അംഗങ്ങളും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതോടെ വൈസ് ചാന്‍സിലര്‍ പ്രതിഷേധം ഭയന്ന് ഉദ്ഘാടനമുപേക്ഷിച്ച് മുങ്ങി. നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി കണ്‍വീനറും സി പി ഐ അംഗവും മുന്‍ എം എല്‍ എയുമായ ആര്‍ ലതാദേവി പോലും ഉദ്ഘാടനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മുന്നേ കെട്ടിടത്തിലേക്ക് ഫര്‍ണിച്ചറുകള്‍ മാറ്റരുതെന്ന് സിന്‍ഡിക്കേറ്റ് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഇത് മറികടന്ന് അര്‍ദ്ധരാത്രിയില്‍ ഫര്‍ണിച്ചര്‍ മാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിക്ക് സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here