ഹരിഹരന്റെ പഴശ്ശിരാജയിലെ എടച്ചേന കുങ്കനെ ആരും അത്ര പെട്ടന്ന് മറക്കില്ല. ശരത്കുമാര്‍ തകര്‍ത്തഭിനയിച്ച കഥാപാത്രം മലയാളത്തില്‍ നിന്ന് നിറഞ്ഞ കൈയടിയായിരുന്നു നേടിയിരുന്നത്. അതിന് ശേഷം ശരത്കുമാര്‍ നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി.
ഇപ്പോഴിതാ മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ശരത്കുമാര്‍. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലാണ് മലയാളികളുടെ കുങ്കന്‍ വീണ്ടും എത്തുക. സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള താരത്തിന്റെ ശാരീരിക മികവാണ് ശരത്കുമാറിനെ കായംകുളം കൊച്ചുണ്ണിയിലെത്തിച്ചത്.
കുങ്കനെപ്പോലെ തന്നെ മലയാളികള്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുന്ന കഥാപാത്രമായിരിക്കും കായംകുളം കൊച്ചുണ്ണിയിലേതെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സണ്ണി വെയ്ന്‍, അമല പോള്‍, പുതുമുഖം പ്രിയങ്ക തിമേഷ്, അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാര്‍ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാകുന്നു.
ദേശീയ പുരസ്‌കാര ജേതാക്കളായ ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കള്ളന്‍ കൊച്ചുണ്ണി എന്നതിനപ്പുറം കൊച്ചുണ്ണിയുടെ പ്രണയ ജീവിതവും ചിത്രത്തിന് വിഷയമാകുന്നുണ്ട്.
ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സൗണ്ട്, വിഎഫ്എക്‌സ് ടീമാണ് കായംകുളം കൊച്ചുണ്ണിക്ക് പിന്നിലും. ബോളിവുഡ് ക്യാമറാമാന്‍ ബിനോദ് പ്രദന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ഉടുപ്പിയില്‍ ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം റിലീസിനെത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here