കളിച്ചില്ലെങ്കില്‍ ടീമിന് പുറത്തെന്ന് ധോണിക്ക് മുന്നറിയിപ്പ്; ലോകകപ്പ് ലക്ഷ്യമിട്ട് ടീം ഇന്ത്യയില്‍ റൊട്ടേഷന്‍

ഏകദിന ക്രിക്കറ്റിലെ മികച്ച ഫിനിഷറെന്ന ഖ്യാതിയുള്ള എം എസ് ധോണിക്ക് മുന്നറിയിപ്പുമായി സെലക്ടര്‍മാര്‍. നന്നായി കളിച്ചില്ലെങ്കില്‍ യുവരാജ് സിങ്ങിന് പിന്നാലെ ധോണിയും ടീമിന് പുറത്താകുമെന്ന സൂചനയുമായി ടീം ഇന്ത്യ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് തന്നെ
രംഗത്തെത്തി.

അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമെന്നതിന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ലോകകപ്പിനുളള ടീമിനെ വാര്‍ത്തെടുക്കാനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മികച്ച പ്രകടനം നടത്തുന്നവരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളുവെന്നും സെലക്ടര്‍മാര്‍ പറയുന്നു. ലോകകപ്പ് ലക്ഷ്യമിട്ട് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്നും മികച്ച 26 പേരില്‍ നിന്ന് ടീമിനെ തെരഞ്ഞെടുക്കുമെന്നും എം എസ് കെ വ്യക്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ധോണി ഓട്ടോമാറ്റിക് സെലക്ഷമായിരുന്നില്ലെന്നും സെലക്ടര്‍മാര്‍ പറയുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധോണിയെ ടീമിലുള്‍പ്പെടുത്തിയത്. ഇതോടെ ഈ മാസം 20ന് ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ എകദിന പരമ്പര ടീം ഇന്ത്യ മുന്‍ നായകന്‍ എം എസ് ധോണിക്ക് അഗ്‌നി പരീക്ഷയാകുമെന്നുറപ്പായി.

രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ ജേതാക്കളാക്കിയ  മുപ്പത്തിയാറുകാരനായ ധോണി സമീപകാലത്ത് മോശം പ്രകടനമാണ് നടത്തുന്നത്. കൂറ്റനടിക്കുളള കഴിവ് നഷ്ടപ്പെട്ട ധോണി മധ്യനിരയില്‍ സിംഗിളുകളെടുത്താണ് ടീമില്‍ നിലനില്‍ക്കുന്നത്.

2016, 2017 വര്‍ഷങ്ങളില്‍ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 664 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. വിക്കറ്റിന് പിന്നില്‍ 24 ക്യാച്ചുകളും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗം
കുറഞ്ഞ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും ധോണി സ്വന്തം പേരിലാക്കിയത് ഇക്കാലത്താണ് അതേ സമയം 2015ല്‍ 17 മത്സരങ്ങളില്‍ നിന്ന് ധോണി ഇത്രത്തോളം റണ്‍സും ഇതിലേറെ ക്യാച്ചുകളും നേടിയിരുന്നു.

ഋഷഭ് പന്തിനെ പോലുള്ള ജൂനിയര്‍ താരങ്ങള്‍ ഇന്ത്യന്‍ എ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ടെന്ന സെലക്ടര്‍മാരുടെ വിലയിരുത്തലും ധോണിക്കുള്ള മുന്നറിയിപ്പാണെന്ന് വേണം കരുതാന്‍. പ്രായമല്ല പ്രകടനമാണ് സെലക്ഷന്റെ മുഖ്യഘടകമെന്ന്
സെലക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് 36 കാരനായ ക്യാപ്റ്റന്‍ കൂളും തിരിച്ചറിയുമെന്ന് കരുതാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel