കേരളത്തിലും ബ്ലൂവെയില്‍ ആത്മഹത്യ;തിരുവനന്തപുരത്ത് പതിനാറുകാരന്റെ ആത്മഹത്യക്ക് കാരണം ബ്ലൂവെയില്‍?

തിരുവനന്തപുരം:
സംസ്ഥാനത്തെ നടുക്കി ബ്ലൂവെയില്‍ ഗെയിം.തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂവൈല്‍ ഗെയിം ആണെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ .ഇക്കാരം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പൊലീസിന് പരാതിനല്‍കി.

അതേസമയം 16 കാരന്റെ ആത്മഹത്യയ്ക്ക് വഴിവെച്ചത് ബ്ലൂവെയില്‍ ഗെയിം ആണോയെന്നത് വിശദമായ പരിശോധനക്ക് ശേഷമേ പറയാന്‍ ആകൂ എന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞമാസം 26 നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മനോജ് ചന്ദ്രന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

കഴിഞ്ഞമാസം 26നാണ് തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശി രാമചന്ദന്റെയും അനുവിന്റെയും മകനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മനോജ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. മകന്റെ മരണകാരണം ബ്ലൂവെയ്ല്‍ ഗെയിം ആണെന്ന് കാട്ടി മാതാപിതാക്കള്‍ വിളപ്പില്‍ശാല പൊലീസിന് പരാതി നല്‍കിയിരുന്നു. 9 മാസം മുന്‍പ് മനോജ് ബ്ലൂവെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മകനെ ഗെയിംമില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ദൈനംദിന പ്രവര്‍ത്തികള്‍ ബ്ലൂവെയ്ല്‍ ടാക്‌സുകളോട് സാമ്യമുള്ള രീതിയില്‍ ആയിരുന്നുവെന്നും മാതാവ് അനു വ്യക്തമാക്കി.

മനോജ് ചന്ദ്രന്റെ മരണം ബ്ലൂവെയ്ല്‍ ഗെയിം മൂലമാണെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് പൊലീസിന് പരാതി നല്‍കിയതെന്നും മാതാപിതാക്കള്‍ അറിയിച്ചു. പരാതിയെത്തുടര്‍ന്ന്, മലയിന്‍കീഴ് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മനോജിന്റെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്ന് വിവരം ശേഖരിച്ചു.

മനോജ് ഉപയോഗിച്ച ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി. അതേസമയം, മനോജ് ചന്ദ്രന്റെ ആത്മഹത്യ ബ്ലൂവെയ്ല്‍ ഗെയിം മൂലമല്ലെന്ന് ഐ ജി മനോജ് എബ്രഹാം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

ലോകത്തെമ്പാടുമായി നൂറോളം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് കരുതപ്പെടുന്ന ഈ ഗെയിമിനെതിരെ സംസ്ഥാന സര്‍ക്കാരും കര്‍ശനമായ നിലപാടാണെടുക്കുന്നത്്. മനുഷ്യന്റെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്ന ഇത്തരം ഗെയിമുകള്‍ക്കെതിരെ രക്ഷിതാക്കളും അധ്യാപകരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.

2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട 22കാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കുന്ന 50 സ്റ്റേജുകളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ റിസ്‌കുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News