വ്യാജ വാര്‍ത്തകള്‍ ഇനി സഹിക്കാനാവില്ല; ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ച് സൂപ്പര്‍ താരം

ട്വിറ്ററില്‍ ഇരുപത് ലക്ഷത്തിലേറെ ഫോളേവേഴ്‌സ് ഉണ്ടായിരുന്ന തെന്നിന്ത്യന്‍ നടന്‍ ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു. കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായ നടി ഒവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന തരത്തില്‍ ചിമ്പുവിന്റെ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് പ്രചരിച്ചിരുന്നു.

പിന്നാലെ ഈ ട്വിറ്റ് വ്യാജമാണെന്ന് അറിയിച്ച് ചിമ്പു രംഗത്തെത്തി. തന്റെ പേര് നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലരാണ് ഈ ട്വീറ്റിന് പിന്നിലെന്നും ചിമ്പു വ്യക്തമാക്കിയിരുന്നു. ബിഗ്‌ബോസിലെ നടിയുമായി ബന്ധപ്പെടുത്തി എനിക്കെതിരെ വന്ന വാര്‍ത്ത ശരിക്കും വേദനിപ്പിച്ചു.

വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ആരാണെന്നറിയാമെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ മറുപടി മറ്റുരീതികളിലായിരിക്കുമെന്നും ചിമ്പു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വാതന്ത്ര്യദിനത്തില്‍ ചിമ്പു ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചത്.

പോസിറ്റീവ് ചിന്തകള്‍ക്ക് പകരം നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയ തനിക്ക് തന്നതെന്ന് ചിമ്പു ട്വിറ്ററിലെ അവസാന സന്ദേശത്തില്‍ പറയുന്നു. ഇത്തരം നെഗറ്റിവിറ്റിയുടെ ഭാഗമാകാന്‍ എനിക്ക് ഭയമാണ്. ഒരു സെലിബ്രിറ്റിക്ക് സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന് എനിക്കറിയാം.

പക്ഷേ എന്റെ ഹൃദയത്തെ പിന്തുടരാനാണ് എനിക്ക് താല്‍പര്യം. വിട പറയുന്നതിന് മുമ്പായി ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും സ്‌നേഹിക്കുക, എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ എന്ന സന്ദേശത്തോടെയാണ് ചിമ്പു ട്വിറ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here