മാഡം ചലച്ചിത്ര താരമോ ; വെളിപ്പെടുത്തലുകള്‍ ഇന്ന്; റിമാന്റ് കാലാവധി അവസാനിച്ചു; പള്‍സര്‍ ഇന്ന് കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. മാഡം എന്നത് കെട്ടുകഥയല്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞിരുന്നു.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പ് കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ഉണ്ടായത്. മാഡം എന്നത് കെട്ടു കഥയല്ലെന്നും, ആരാണ് മാഡം എന്നുള്ളത് ആലുവയില്‍ കിടക്കുന്ന വി ഐ പി പറയട്ടെ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വി ഐ പി പറഞ്ഞില്ലെങ്കില്‍ 16-ാം തിയ്യതി താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്നും സുനി സൂചിപ്പിച്ചിരുന്നു. മാഡം ചലച്ചിത്ര നടിയാണെന്ന് കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നാണ് സുനി പറഞ്ഞിരിക്കുന്നത്.

റിമാന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കുന്ന സുനിക്ക് വേണ്ടി അഭിഭാഷകന്‍ ആളൂര്‍ ഇന്ന് ഹാജരാകും. സുനിയെ പോലീസ് മര്‍ദിച്ചുവെന്ന പരാതിയില്‍ വിസ്തരിക്കേണ്ട സാക്ഷികളുടെ ലിസ്റ്റ് ഇന്ന് കോടതിക്ക് കൈമാറും. രഹസ്യമൊഴി നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും സമര്‍പ്പിച്ചേക്കും.

അതേസമയം 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിക്കുന്നതിനാല്‍ പള്‍സര്‍ സുനിയെ എറണാകുളം കോടതിയിലും ഇന്ന് ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here