പുതുപ്പാടി അപകടം; സര്‍ക്കാര്‍ ധനസഹായം മന്ത്രി ബന്ധുക്കള്‍ക്ക് കൈമാറി

കോഴിക്കോട് : താമരശ്ശേരി പുതുപ്പാടിയ്ക്കടുത്ത് കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കുടുംബത്തിലെ എട്ടുപേരുടെ ആശ്രിതര്‍ക്കുള്ള ധന സഹായം മന്ത്രി ടി പി രാമകൃഷ്ണന്‍ കൊടുവള്ളി കരുവന്‍പൊയിലിലെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറി.

കുട്ടികള്‍ക്ക് രണ്ടുലക്ഷം വീതവും മുതിര്‍ന്നവര്‍ക്ക് ഒരു ലക്ഷം വീതവുമാണ് സര്‍ക്കാര്‍ ധന സഹായം അനുവധിച്ചത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. ഈമാസം അഞ്ചിനാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

ദേശീയ പാതയില്‍ പുതുപ്പാടി കൈതപ്പൊയിലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് മരണത്തിന് കീഴടങ്ങിയത്. അപകട ദിവസം 3 കുട്ടികളും 3 മുതിര്‍ന്നവരും പിന്നീട് മൂന്നു കുട്ടികളുമാണ് ദുരന്തത്തിനിരയായത്.

കരുവന്‍പൊയില്‍ വടക്കേക്കര അബ്ദുറഹിമാന്‍ ഭാര്യ സുബൈദ, ഇവരുടെ ആറ് പേരക്കുട്ടികള്‍, ജീപ്പ് ഡ്രൈവര്‍ വയനാട് സ്വദേശി പ്രമോദ് എന്നിവരെയാണ് മരണം തട്ടിയെടുത്തത്. ഇതില്‍ എട്ടുപേര്‍ക്കുള്ള 12 ലക്ഷം രൂപയുടെ ചെക്കാണ് മന്ത്രി ടി പി രാമകൃഷ്ണന്‍ കരുവന്‍പൊയിലിലെ വീട്ടിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്.

മാതാപിതാക്കള്‍ക്കും രണ്ട് മക്കള്‍ക്കുമുള്ള ചെക്ക് അബ്ദുറഹിമാന്റെ മകന്‍ ഷാജഹാന്‍ ഏറ്റുവാങ്ങി. മാതാപിതാക്കളും രണ്ട് മക്കളും സഹോദരിമാരുടെ മൂന്ന് മക്കളും നഷ്ടപ്പെട്ട ഷാജഹാന്‍ വിറക്കുന്ന കൈകളോടെയും ഇടറുന്ന ചുണ്ടുകളോടെയുമാണ് മന്ത്രിയില്‍ നിന്നും ധന സഹായം സ്വീകരിച്ചത്.

മൂന്ന് മക്കള്‍ നഷ്ടപ്പെട്ട ഷാജഹാന്റെ സഹോദരി സഫീനക്കും വെണ്ണക്കോട് മൈലാടംപാറക്കല്‍ അബ്ദുല്‍ മജീദിനുമുള്ള ചെക്ക് അബ്ദുല്‍ മജീദും ഷാജഹാന്റെ മറ്റൊരു സഹോദരി സഫീറക്കും പടനിലം പൂതാതാടയില്‍ ഷഫീഖിനുമുള്ള ചെക്ക് ഷഫീഖും ഏറ്റുവാങ്ങി. പണം കൊണ്ട് നികത്താനാവുന്ന വിടവല്ല സംഭവിച്ചതെന്നും സര്‍ക്കാറിന് ചെയ്യാവുന്ന സഹായം എന്ന നിലക്കാണ് പണം കൈമാറുന്നതെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ജീപ്പ് ഡ്രൈവര്‍ പ്രമോദിന്റെ കുടുംബത്തിനുള്ള സഹായം വയനാട് ജില്ലാ കലക്ടര്‍ മുഖേനെ ബന്ധുക്കള്‍ക്ക് കൈമാറും. സാരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാജഹാന്റെ ഭാര്യക്കും സഹോദരിക്കും വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. എം എല്‍ എ മാരായ കാരാട്ട് റസാഖ്, പി ടി എ റഹീം, ജില്ലാ കലക്ടര്‍ യു വി ജോസ്, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കോഴിക്കോട് തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം എത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here