ഹാദിയ വിവാദ മതമാറ്റകേസ് എന്‍ ഐ എ അന്വേഷിക്കും

ദില്ലി: ഹാദിയയുടെ വിവാദ മതമാറ്റകേസ് എന്‍ ഐ എ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അന്വേഷണത്തിന് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ മേല്‍ നോട്ടം വഹിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുടെ വാദം കേട്ട ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും സുപ്രീംകോടതി അറിയിച്ചു .

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ ഹാദിയയെ വിവാഹം കഴിച്ച ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. അഖില മതം മാറിയ ഹാദിയ ആയതും വിവാഹം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും എന്‍ഐഎ അന്വേഷിക്കട്ടേയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അഖിലയുടെ മതപരിവര്‍ത്തനം ഒറ്റപ്പെട്ട സംഭവം അല്ലെന്നും കേരളത്തിലെ മത പരിവര്‍ത്തനത്തെ പറ്റി കോടതി ഉത്തരവിട്ടാല്‍ അന്വേഷണം നടത്താന്‍ തയ്യാറാണെന്നും എന്‍ഐഎ ഇന്ന് കോടതിയെ അറിയിച്ചിരുന്നു. ഷെഫിന്‍ ജഹാന് ഭീകരബന്ധം ഉണ്ടെന്ന ആരോപണം തള്ളിക്കളഞ്ഞ ഷെഫിന്റെ അഭിഭാഷകന്‍ എന്‍ ഐ എ അന്വോഷണത്തെ ശക്തമായി എതിര്‍ത്തു. വാദങ്ങള്‍ കേട്ട ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായ ബഞ്ച് കേസില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ചു.

ഹാദിയയ്ക്ക് മൂന്ന് പേരുകള്‍ ഉണ്ടായതും ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരുടെ നിരീക്ഷണങ്ങളും അതീവ ഗൗരവമുള്ളതാണെന്നും കോടത ചൂണ്ടിക്കാട്ടി.സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനെയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കോടതി ആദ്യം നിര്‍ദ്ദേശിച്ചത്.എന്നാല്‍ ഷെഫിന്‍ ജഹാന്റെ അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജൈസിങ്ങും ഇതിനെ എതിര്‍ത്തു.

തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ കോടതി തിരഞ്ഞെടുത്തത്.അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് ശേഷം ഹാദിയയുടെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുവെന്നും കോടതി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here