സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി തിങ്കിംഗ് ഫ്രീലീ ആസാദി

തിങ്കിംഗ് ഫ്രീലീ ആസാദി സാമൂഹ്യമാധ്യമങ്ങളില്‍ ജനങ്ങള്‍ ഏറ്റെടുത്തു. കൊച്ചി സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫെയ്‌സ് ബുക്കില്‍ മാത്രം ഗാനം ഒരു ദിവസംകൊണ്ട് അര ലക്ഷത്തിലേറെപ്പേര്‍ കേട്ടു.

ഇതര മാധ്യമങ്ങളില്‍ ഗാനം ശ്രവിച്ചവരുടെ എണ്ണം പരിഗണിക്കാതെയുള്ള കണക്കാണ് ഇത്. ബാന്‍ഡിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്കിനു പുറമേ യൂട്യൂബ്, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെയും ഗാനം പ്രചരിക്കുന്നുണ്ട്.

സ്ട്രീറ്റ് ലൈറ്റ്‌സ് ബാന്‍ഡിന്റെ ആദ്യ സംരംഭമാണ് തിങ്കിംഗ് ഫ്രീലി ആസാദി. സ്വാതന്ത്ര്യദിനത്തിനാണ് ആല്‍ബം സാമൂഹ്യമാധ്യമങ്ങളില്‍ റിലീസ് ചെയ്തത്.

വന്ദേമാതരവും ജയ് ഹിന്ദും ഇങ്കുലാബ് സിന്ദാബാദും ഹേ റാമും ആസാദിയുടെ നാനാര്‍ത്ഥങ്ങളാണെന്ന് ഉദ്‌ഘോഷിക്കുന്ന ഗാനമാണിത്. അതുകൊണ്ട് ഇന്ത്യ ഇപ്പോള്‍ ഉറക്കെ വിളിക്കേണ്ടത് ആസാദി മുദ്രാവാക്യമാണെന്നും ഗാനം ഓര്‍മ്മിപ്പിക്കുന്നു.

‘സ്വാതന്ത്ര്യം ആ സുന്ദരസ്വപ്നം
മാടിവിളിക്കുന്നു
ഞങ്ങളെ മാടിവിളിക്കുന്നു
അസ്വാതന്ത്ര്യം അറബിക്കടലില്‍
ജനതതിയുണരുന്നു
ഇന്ത്യന്‍ ജനതതിയുണരുന്നു

മണ്ണട്ടികളുടെ മടിയില്‍
വന്ദേ മാതരമുരുകുന്നു
ജനഗണമനവീണയില്‍ വീണ്ടും
ജയ് ഹിന്ദ് ഉയരുന്നു

ഇങ്കുലാബ് സിന്ദാബാദ് പൊന്തിയ
തൂക്കുമരം സാക്ഷി
ഹേ റാം പാടിച്ചിതറിയ
ചോരത്തുള്ളികളേ സാക്ഷി

ആസാദി ആസാദി ആസാദി” എന്നിങ്ങനെയാണ് ഗാനം.

എന്‍. പി. ചന്ദ്രശേഖരന്‍, അരുണാ ഭട്ടതിരി, അനീഷ് വാസുദേവ്, നിതുന്‍ ദേവ്, വിഷ്ണു ഗോപാല്‍, ജീനോ ജെയ്ംസ്, മനു മോഹന്‍, അഖില്‍ വിനായക്, അലിന്‍, തോമസ് പൗലോസ്, തപസ് ബാബു എന്നിവരാണ് ഗാനശില്പികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here