ഫാന്‍ഫൈറ്റ് കൈവിട്ടു; മാപ്പ് ചോദിച്ച് അനുശ്രീ

സോഷ്യല്‍മീഡിയയിലെ വിജയ്-സൂര്യ ഫാന്‍ ഫൈറ്റില്‍ വിശദീകരണവുമായി നടി അനുശ്രീ. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഫാന്‍ഫൈറ്റിലേക്ക് നയിച്ചത്. വിവാദത്തിലേക്ക് വിജയ് ഫാനായ നടന്‍ ബിനീഷ് ബാസ്റ്റിനും വന്നതോടെ സംഭവം കൈവിട്ട് പോയി. ഇതോടെ അനുശ്രീ പോസ്റ്റ് പിന്‍വലിക്കുകയും ഒടുവില്‍ വിശദീകരണവുമായി രംഗത്തെത്തുകയുമായിരുന്നു.

അനുശ്രീ പറയുന്നത് ഇങ്ങനെ: ഞാന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ ആ പോസ്റ്റിനെ കണ്ടത്. വിജയ് സാറിനെപ്പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ ഞാന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ഒരു ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതു പോലെ ചിന്തിച്ചിട്ടു പോലുമില്ല. ആരെങ്കിലും അതില്‍ വേദനിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.

വിജയ് സാറിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല. മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്. വിജയ് സാര്‍ മഹാനായ നടനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഒരിക്കലും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണെന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഒരു ഫോട്ടോ ഇട്ടെന്ന് മാത്രം.

ഇതുവരെ ചേച്ചിയെ ഇഷ്ടമായിരുന്നു, ഇനി മുതല്‍ ഇഷ്ടപ്പെടില്ലയെന്നും പലരും പറഞ്ഞു. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞാനില്ല. എന്റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ നിങ്ങള്‍ കൂവിയാല്‍ പിന്നെ ഞാന്‍ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. ഇനിയും അതു വേണം. ഈ സംഭവം കാരണം അതില്ലാതാകരുതെന്നും അനുശ്രീ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here