അവന്റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാംതവണ; മലയാളികളെ ഞെട്ടിച്ച് ഒരു എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ബ്ലൂവെയില്‍ ഗെയിമിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്.സരോജം. 2006ല്‍ സമാനമായ സംഭവത്തില്‍ തന്റെ മകനെ നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് സരോജത്തിന്റെ കുറിപ്പ്. മകന്റെ ആത്മഹത്യാ ശ്രമം ആറാം തവണയാണ് വിജയിച്ചതെന്നും ഓരോ തവണയും പരാജയപ്പെടുമ്പോള്‍ അഡ്മിന്‍ പുതിയ മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുമായിരുന്നെന്നും സരോജം പറയുന്നു.

ഒരുതവണ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്നു. രക്ഷപ്പെട്ട ശേഷം മകന്‍ തന്നെയാണ് ഗെയിമിനെപ്പറ്റി തന്നോട് പറഞ്ഞതെന്നും സരോജം പറയുന്നു. ഇക്കാര്യങ്ങള്‍ പുറംലോകത്തോട് താന്‍ പറയാന്‍ ഒരുങ്ങിയതാണെന്നും എന്നാല്‍, അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിഞ്ഞ് അതിന് ഇരയാവാതിരിക്കട്ടെ എന്ന ചിന്ത കാരണം പിന്തിരിയുകയായിരുന്നെന്നും സരോജം പറയുന്നു.


സരോജത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

കൂട്ടുകാരേ Blue Whale പോലുള്ള Suicide Games ഒരു പുതിയ കാര്യമല്ല. 2006 ജൂലൈ 16- നുണ്ടായ സമാനമായൊരു സംഭവത്തില്‍ നീറിനീറിക്കഴിയുന്ന ഒരമ്മയാണ് ഞാന്‍ . അവന്‍റെ ആത്മഹത്യാശ്രമം വിജയിച്ചത് ആറാം തവണയായിരുന്നു . . ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അഡ്മിന്‍! ഒരിക്കല്‍ രണ്ടാഴ്ചയോളം മെഡിക്കല്‍കോളേജിലെ തീവ്ര പരിചരണവിഭാഗത്തില്‍ കിടന്ന് രക്ഷപ്പെട്ട് വന്നതിനുശേഷം അവന്‍ തന്നെയാണ് ഗയിമിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത്.

അവന്‍റെ കമ്പ്യൂട്ടര്‍ desktop നിറയെ ആത്മഹത്യ ചെയ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു! ശരീരത്തില്‍ ചോരപൊടിയുന്ന കുത്തിവരയ്ക്കലുകളും. ഇനി അങ്ങനെ ചെയ്യില്ലെന്ന്‍ ഉറപ്പു തന്നതുമാണ് . എന്നിട്ടും admins-ന്‍റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെ ല്ലാം delete ചെയ്തിട്ട് അവന്‍ പോയി. തല വഴി കഴുത്തുവരെ മൂടിയ പ്ലാസ്റിക് കവര്‍ തെളിവായി പോലീസുകാരാരോ എടുത്തുകൊണ്ടുപോയി. ഇക്കാര്യങ്ങള്‍ പുറം ലോകത്തോട്‌ .വിളിച്ചുപറയണമെന്നു ഒരായിരംവട്ടം ഒരുങ്ങിയതാണ്.

പക്ഷേ അറിയാത്ത കുട്ടികള്‍ അപകടകരമായ ഗെയിമിനെക്കുറിച്ച് അറിയാതിരിക്കട്ടെ എന്ന ചിന്ത എന്നെ പിന്തിരിപ്പിക്കുകയായിരുന്നു . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്‍റെ സ്വസ്ഥത കെടുത്തുന്നു . ആകെ തളരുന്നു .

2006-ല്‍ എഴുതിയ ഒരു കവിത ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു .( ഇത് 2012-ല്‍ പ്രസിദ്ധീകരിച്ച “അച്ചുതണ്ടിലെ യാത്ര” എന്ന കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാകുന്നു)

ഉണ്ണികള്‍ പോകുന്നതെങ്ങോട്ട് ?

ഇന്റര്‍നെറ്റില്‍ കയറിപ്പറ്റി
വെബ്ബുകളെല്ലാം തപ്പിനടന്ന്
കണ്ടുപിടിച്ചൊരു മായാലോകം
സുന്ദരസൗഹൃദ സുരലോകം.

ഉള്ളില്‍ കയറിച്ചെന്നപ്പോള്‍
ജാലിക കാട്ടി മറ്റൊരുലോകം;
ഇഷ്ടംപോലെ രമിച്ചീടാന്‍
കൂട്ടുവിളിക്കും കാമുകലോകം.

ഇമെയിലായി, ചാറ്റിംഗായി
നേരമ്പോക്കുകള്‍ പലതായി
കൂടിക്കാഴിചകളരിയ സുഖങ്ങള്‍
ജീവിതമെന്തൊരു ലഹരി!

ആഴ്ചവട്ടം കഴിയുംമുമ്പേ
കാഴ്ചകളെല്ലാം മങ്ങിപ്പോയി!
വെബ്ബുകള്‍തോറും തപ്പിനടക്കേ
ജാലികകാട്ടി മറ്റൊരുലോകം;

ഇഷ്ടംപോലെ മരിച്ചീടാന്‍
മാര്‍ഗ്ഗം കാട്ടും യമലോകം
കണ്ടുഭ്രമിച്ചവനുണ്ണി പറഞ്ഞു:
വേദനയില്ലാ മരണം വേണം.

കറുത്ത ചില്ലാല്‍ കണ്ണുമറച്ച്
വെളുത്ത വസ്ത്രം കാറ്റില്‍പാറി
മുന്നിലതാര്? മര്‍ലിന്‍ മണ്‍റോ?
വരുന്നു പൊന്നേ ഞാനുംകൂടി………

2006

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News