ടിക്കറ്റെടുത്തില്ലെങ്കിലും ഈ ടിടിഇ നിങ്ങളെ തീവണ്ടിയില്‍ നിന്ന് ഇറക്കി വിടില്ല; പിന്നെ?

കണ്ണൂരില്‍ നിന്ന് മാംഗ്ലൂരിലേക്കും പിന്നെ പാലക്കാട്ടേക്കും ചെന്നൈയിലേക്കുമുള്ള യാത്രയില്‍ ഇങ്ങനെയൊരു ടിക്കറ്റ് എക്‌സാമിനറെ നിങ്ങള്‍ കണ്ടുമുട്ടിയാല്‍ അല്‍ഭുതപ്പെടേണ്ട. അത് ടിക്കറ്റ് എക്‌സാമിനര്‍ എം കൃഷ്ണന്‍ തന്നെയായിരിക്കും. അനാഥരും ആലംബമറ്റവരും രോഗികളും വൃദ്ധരും യാചകരുമായി ജീവിതത്തില്‍ വേറെ ഗതിയില്ലാതെ റെയില്‍വേ ട്രാക്കിലേക്ക് ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍ക്ക് കണ്‍കണ്ട ദൈവമാണ് ഈ ടിക്കറ്റ് എക്‌സാമിനര്‍. ദൈവത്തെ പോലെ കാരുണ്യമൂര്‍ത്തിയായി നിന്ന് അദ്ദേഹം ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ തെരുവ് ജീവിതങ്ങളുടെ ലോകം അത്രയേറെ വിസ്തൃതമാണ്.

കാല്‍നൂറ്റാണ്ട് മുമ്പ് മംഗലാപുരത്ത് ടിക്കറ്റില്ലാതെ അനാഥാവസ്ഥയില്‍ കണ്ട ഒരു പെണ്‍കുട്ടിയെ അയാള്‍ ഇറക്കിവിടുകയല്ല, കാരുണ്യം കവിഞ്ഞ് സ്വന്തം വീട്ടിലേക്കാണ് വിളിച്ചുകൊണ്ടു പോയത്. കുട്ടി പറഞ്ഞ വിലാസത്തില്‍ ചെന്നപ്പോള്‍ അങ്ങിനെ ഒരു വിലാസമേ ഇല്ല. പിന്നെ ബോധ്യമായി അവള്‍ പൊലീസ് തെരയുന്ന കുറ്റവാളിയാണെന്ന്. അതോടെ കേസായി ബഹളവമായി. അവിടെ നിര്‍ത്തേണ്ടതായിരുന്നു കൃഷ്ണന്‍ ആ സഹായപ്രസ്ഥാനം. പക്ഷേ അദ്ദേഹം അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു എന്നതാണ് മഹത്വം.

ടിക്കറ്റില്ലാത്തവരെ ഒരു കരുണയില്ലാതെ തള്ളിയിറക്കി വിടുന്ന ടിടിഇ മാരുടെ ഒരു മുഖം മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. കൊളോനിയല്‍ കാലം മുതലുള്ള കോട്ടിട്ട ആ ധാര്‍ഷ്ട്യത്തിനപ്പുറത്ത് നിന്ന് ഇവിടെ ഈ ടി ടിക്കറ്റ് എക്‌സാമിനര്‍ മനുഷ്യരെ ഇറക്കി വിടുകയല്ല, ജീവിതത്തിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്.തീര്‍ത്തും നിസ്സഹായമായി ജീവിതത്തിന്റെ അന്തിമാഭയമായി റെയില്‍വേ ഓരത്തെത്തുന്ന അതീവ ക്ഷീണിരായ മനുഷ്യര്‍, എങ്ങോട്ടും പോകാനില്ലാത്ത ഭയചകിതരായ കുഞ്ഞുങ്ങള്‍, മുഷിഞ്ഞ തുണിക്കെട്ടുകള്‍ പോലെ ഉപേക്ഷിക്കപ്പെട്ട സത്രീകള്‍! എല്ലാവര്‍ക്കും മുന്നില്‍ കൃഷ്ണന്‍ നന്മയായി പ്രത്യക്ഷപ്പെടുന്നു.

പാവങ്ങളെ ട്രെയിനില്‍ നിന്നും പ്‌ളാറ്റ് ഫോമില്‍ നിന്നും അനാഥമന്ദിരത്തില്‍ എത്തിച്ച് അവസാനിക്കുന്നതല്ല ടിടിഇ കൃഷ്ണന്റെ ഉത്തരവാദിത്തം. അവരുടെ ഓരോ കാര്യത്തിലും അയാളൊരു രക്ഷകര്‍ത്താവിനെ പോലെ തന്നെ കൂടെ നില്‍ക്കുന്നു. സ്വന്തം കീശയില്‍ നിന്ന് അതിന് പണം മുടക്കുന്നു. അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നത് വരെ അയാള്‍ക്ക് വിശ്രമമില്ല.

അമ്മയോട് വഴക്കിട്ട് ഗൂഡല്ലൂരില്‍ നിന്നെത്തിയ മുത്തുവും, കണ്ണൂരില്‍ ചാക്കിന്‍ കെട്ടില്‍ പുഴുവരിച്ച് കിടന്ന ബാലനും, ചെന്നൈ കല്‍മണ്ഡപത്തില്‍ നിന്ന് വീടുവിട്ടിറങ്ങിയ 12കാരനും ബല്‍ഗാമിലെ ഇന്ദിരയും മലേഷ്യയിലെ പാക്കര്‍സ്വാമിയും ഹൈദാരബാദിലെ നജ്മ ബീഗവും തുടങ്ങി കൃഷണന്റെ കാരുണ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട മനുഷ്യ ജന്മങ്ങള്‍ അനവധിയാണ്. ഭൂമിയില്‍ അനാഥരെ സുരക്ഷിതമായൊരു ലോകത്തെത്തിക്കാന്‍ ദൈവ്വം തന്ന കുപ്പായമാണിതെന്നാണ് വിശ്വാസിയായ ഈ ടിക്കറ്റ് എക്‌സാമിനര്‍ കരുതുന്നത്.

ജീവിതത്തിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ആവശ്യത്തിലധികമായ ധൃതിയില്‍ തലങ്ങും വിലങ്ങും ഓടുന്നവരുടെ ഇടയില്‍ അന്തം വിട്ടു നില്‍ക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങളുണ്ട്. മിനിമം മനുഷ്യരായി പോലും പരിഗണിക്കപ്പെടാതെ റെയില്‍വേ ഓരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങള്‍. ഒരു തീവണ്ടിക്കും എങ്ങോട്ടും പോവാനില്ലാത്തവര്‍. എങ്ങോട്ടുപോയാലും എവിടെയും എത്തിച്ചേരാനാവാത്ത ഹതഭാഗ്യര്‍. അവര്‍ക്കു മുന്നിലാണ് ടിക്കറ്റ് എക്‌സാമിനര്‍ കൃഷ്ണന്‍ കാരുണ്യത്തിന്റെ അവതാര പുരുഷനാവുന്നത്.

ടിക്കറ്റ് എക്‌സാമിനര്‍ എം കൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കേരളാ എക്‌സ്പ്രസിന്റെ എപ്പിസോഡ് സന്മനസ്സുള്ള ടിടിഇ ഇവിടെ വിശദമായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News