ആരാധകരെ നിങ്ങള്‍ നിരാശരാകേണ്ട; ട്രാക്കില്‍ വിസ്മയം തീര്‍ത്ത ബോള്‍ട്ട് ഇനി മാഞ്ചസ്റ്ററിനായി ബൂട്ടുകെട്ടും

മാഞ്ചസ്റ്റര്‍: ലോക കായിക ചരിത്രത്തില്‍ മറ്റാരേക്കാളും തിളക്കമുള്ള താരമാണ് ഉസൈന്‍ ബോള്‍ട്ട് എന്ന കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടാകില്ല. അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാകാത്ത സുവര്‍ണ നേട്ടങ്ങള്‍ ഓടിയെടുത്ത ബോള്‍ട്ട് കായിക ഇതിഹാസങ്ങളുടെ മുന്‍നിരിയിലാണ് സ്ഥാനം നേടിയിരിക്കുന്നത്. ഒളിംപിക്‌സിലെ സ്വര്‍ണ നേട്ടങ്ങളും ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യനെന്ന വിളിപ്പേരും സ്വന്തമാക്കിയ താരത്തിന്റെ അക്കൗണ്ടില്‍ തന്നെയാണ് 100, 200 മീറ്ററുകളിലെ ലോക റെക്കോര്‍ഡും.

9.58 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തപ്പോള്‍ കായിക ലോകം മാത്രമല്ല പ്രപഞ്ചത്തിലെ മനുഷ്യരെല്ലാം അമ്പരന്നു. എന്നാല്‍ അവസാന പോരാട്ടത്തിനിറങ്ങിയപ്പോള്‍ നിലതെറ്റി വീണ ബോള്‍ട്ടിനെ കണ്ട് ആരാധകരുടെ നെഞ്ച് പിടയുകയും ചെയ്തു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ട്രാക്കിലെ ദൈവം തിരിച്ചുവരുമെന്നും സ്വര്‍ണവര്‍ണമണിഞ്ഞ് മടങ്ങുമെന്നും സ്വപ്‌നം കാണുന്ന കായിക പ്രേമികളുടെ എണ്ണവും കുറവല്ല.

എന്നാല്‍ ഇപ്പോള്‍ ബോള്‍ട്ട് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ബോള്‍ട്ട് കാല്‍പന്തുകളിക്കായി കളത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചുകഴിഞ്ഞു. അതേ, ഉസൈന്‍ ബോള്‍ട്ടെന്ന ട്രാക്കിലെ ഇതിഹാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടുകെട്ടാനൊരുങ്ങുകയാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് ഉസൈന്‍ ബോള്‍ട്ട്. ചുവന്ന ചെകുത്താന്‍മാര്‍ക്കു വേണ്ടി കളിക്കണമെന്ന് ആഗ്രഹം താരം എക്കാലത്തും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആ ആഗ്രഹവും ഒടുവില്‍ തീരത്തണയുകയാണ്. അടുത്ത മാസം രണ്ടിനു ബാഴ്‌സലോണയുമായി നടക്കുന്ന ചാരിറ്റി മത്സരത്തിലാണ് ബോള്‍ട്ട് മാഞ്ചസ്റ്ററിനുവേണ്ടി ബൂട്ടണിയുക.


ലോക ചാംപ്യന്‍ഷിപ്പിനിടയേറ്റെ പരിക്കു ഭേദമാകണമെന്നതു മാത്രമാണ് താരത്തിനു മുന്നിലെ ഏക വെല്ലുവിളി. മാഞ്ചസ്റ്റര്‍ ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ബോള്‍ട്ടു കളത്തിലിറങ്ങുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൗണ്ടേഷനു വേണ്ടിയാണ് ചാരിറ്റി മത്സരം സംഘടപ്പിക്കുന്നത്. എന്തായാലും ബോള്‍ട്ടും ആരാധകരും ഹാപ്പിയാണ്. മാഞ്ചസ്റ്റര്‍ ജേഴ്‌സി കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഫോട്ടോയും താരം പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചസ്റ്ററിന്‍റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയും സന്തോഷം വ്യക്തമാക്കി ഇന്‍സറ്റഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്.

Who’s watching @usainbolt race tonight? ⚡ qui regarde @usainbolt ce soir? #AgentP ?? #London2017 #BeTheNext

A post shared by Paul Labile Pogba (@paulpogba) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel