തെരുവുനായ്ക്കള്‍ക്ക് നീല നിറം; ഞെട്ടിപ്പിക്കുന്ന സത്യാവസ്ഥ

മുംബൈ: മുംബൈ നിവാസികളെ ഞെട്ടിച്ചുകൊണ്ടാണ് മൃഗസംരക്ഷക സംഘടനയുടെ പുതിയ കണ്ടെത്തല്‍ കഴിഞ്ഞദിവസം പുറത്തുവന്നത്. തലോജ വ്യവസായ മേഖലയിലെ തെരുവുനായ്ക്കളുടെ നിറംമാറ്റത്തെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ഒടുവില്‍ എത്തിയതോ, ആരെയും ഞെട്ടിപ്പിക്കുന്ന കണ്ടെത്തലില്‍.

തൂവെള്ള നിറത്തിലും മറ്റ് ഇളം നിറത്തിലും കണ്ടിരുന്ന നായ്ക്കള്‍ പെട്ടെന്ന് നീല നിറത്തിലേക്ക് മാറുകയായിരുന്നു. ഇതിന്റെ കാരണം തേടിയാണ് നവി മുംബൈ സ്വദേശിയായ ആരതി ചൗഹാനും സുഹൃത്തുക്കളും യാത്രതുടങ്ങിയത്. അങ്ങനെ സംഘം എത്തിയത് കസാദി നദിയുടെ തീരങ്ങളിലാണ്.

തലോജയിലെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കി എത്തുന്നത് കസാദി നദിയിലേക്കാണ്. ഭക്ഷണം തേടിയും മറ്റും നായ്ക്കള്‍ ഈ നദിയില്‍ ഇറങ്ങുന്ന പതിവാണ്. മാലിന്യം നിറഞ്ഞ കസാദി നദിയില്‍ നീന്തുന്നതാണ് നായ്ക്കളുടെ നിറം ക്രമേണ മാറുന്നതിന് കാരണമായതെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍.

ഈ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഭക്ഷ്യ, എന്‍ജിനീയറിംഗ് വിഭാഗങ്ങളിലായി ആയിരത്തോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നത് കസാദി നദിയിലേക്കാണെന്നും സംഘം കണ്ടെത്തി.

സംഭവത്തില്‍ വ്യവസായശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും ആരതി ചൗഹാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here