റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍; യൂറോപ്യന്‍ ഫുട്‌ബോള്‍ രാജാവിനെ 24ന് അറിയാം

റൊണാള്‍ഡോയോ മെസിയോ ആരാവും ലോക ഫുട്‌ബോള്‍ രാജാവ്. യുവേഫ പുറത്തുവിട്ട അവസാന പട്ടികയില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലയണല്‍ മെസിയും ജിയാന്‍ ലൂജി ബഫണും ഇടം നേടി. ഓഗസ്റ്റ് 24ന് നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ വിജയിയെ പ്രഖ്യാപിക്കും.

ഇത്തവണയും എല്ലാവരും സാധ്യത കല്‍പിക്കുന്നത് റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കാണ്. 2013-14 , 2015-16 സീസണുകളില്‍ ക്രിസ്റ്റ്യാനോ യൂറോപ്യന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ നിലനിര്‍ത്തിയപ്പോള്‍ അതില്‍ ക്രിസ്റ്റ്യാനോയുടെ പങ്ക് നിര്‍ണായകമായിരുന്നു. സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന ബയണ്‍ മ്യൂണിക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റ്യാനൊ ഹാട്രിക്കടക്കം അഞ്ച് ഗോളുകളാണ് നേടിയത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനല്‍ ആദ്യ പാദത്തിലും ക്രിസ്റ്റ്യാനൊ ഹാട്രിക് അടിച്ചു. യുവന്റസിനെതിരായ ഫൈനലിലും റോണോ രണ്ടു ഗോളുകള്‍ നേടിയിരുന്നു. ക്രിസ്റ്റ്യാനോയെക്കൂടാതെ മെസിയും രണ്ടു തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ നേട്ടത്തില്‍ മുന്നിലാണ് മെസി. ബാഴ്‌സക്കായി മെസി 54 ഗോളുകള്‍ നേടിയെങ്കിലും സ്പാനിഷ് സൂപ്പര്‍ കപ്പും
കോപ്പ ഡെല്‍റേ കിരീടവും മാത്രമാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. പോരാട്ടത്തില്‍ മെസിയെ പിന്നോട്ടടിക്കുന്നതും ഈ കുറവ് തന്നെ.

ഇറ്റലിയില്‍ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോള്‍കീപ്പറാണ് ബഫണ്‍. പക്ഷേ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസ് റയലിനോട് തോറ്റത് 39കാരന്റെ സാധ്യത കുറയ്ക്കുന്നു. ബാഴ്‌സലോണയുടെ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഇനിയസ്റ്റ, ബയണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറി എന്നിവരും ഓരോ തവണ യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളായിട്ടുണ്ട്.

80 പരിശീലകരും 55 മാധ്യമപ്രവര്‍ത്തരുമാണ് യൂറോപ്പിന്റെ ഫുട്‌ബോള്‍ രാജാവിനെ നിശ്ചയിക്കുക. ചാമ്പ്യന്‍സ് ലീഗിന്റെയോ യൂറോപ്പ ലീഗിന്റെയോ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച ടീമുകളുടെ പരിശീലകരാണ് വോട്ടര്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here