ദില്ലി: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിന സന്ദേശം പ്രക്ഷേപണം ചെയ്യാന്‍ ദൂരദര്‍ശനും ആകാശവാണിയും വിസമ്മതിച്ചതിനെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ തന്റെ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രിക്കുള്ള അവകാശത്തിന്മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണിത്. അടിയന്തരാവസ്ഥ നാളുകളെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണിത്. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പെട്ട മുഖ്യമന്ത്രിയുടെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതിലൂടെ ഇത് അതിനപ്പുറത്തേക്കും കടന്നിരിക്കുന്നു. ഇത്തരം സെന്‍സര്‍ഷിപ്പ് നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ദൂരദര്‍ശന്‍, ആകാശവാണി, പ്രസാര്‍ഭാരതി എന്നീ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തെ ചവിട്ടിത്തേയ്ക്കുകയാണ്.
പ്രക്ഷേപണം നിരോധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രസാര്‍ഭാരതിയെ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള വകുപ്പായി കാണുന്ന സമീപനം മോദിസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് മണിക് സര്‍ക്കാരിന്റെ സന്ദേശം ദൂരദര്‍ശനും ആകാശവാണിയും റെക്കോഡ് ചെയ്തിരുന്നു. എന്നാല്‍ സന്ദേശം അതേരൂപത്തില്‍ പ്രക്ഷേപണം ചെയ്യാന്‍ കഴിയില്ലെന്നും ഉള്ളടക്കത്തില്‍ മാറ്റം വരുത്തണമെന്നും പിന്നീട് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.