വഴിവിട്ട ഒരു നടപടിക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി; ആരോപണങ്ങള്‍ തെളിഞ്ഞാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: വഴിവിട്ട ഒരു നടപടിക്കും ഇടതുസര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റു ചെയ്താല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പിവി അന്‍വറിന്റെ പാര്‍ക്കില്‍ അധികാര ദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും യുഡിഎഫ് സര്‍ക്കാരാണ് പാര്‍ക്കിന് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നിയമസഭാ വേദിയെ പ്രതിപക്ഷം ദുരുപയോഗം ചെയ്യുന്നെന്നും പ്രതിപക്ഷത്ത് ഒന്നിന് പകരം ഒരുപാട് പ്രതിപക്ഷ നേതാക്കളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തന്റെ വാട്ടര്‍തീം പാര്‍ക്ക് ആര്‍ക്കും പരിശോധിക്കാമെന്ന് പിവി അന്‍വര്‍ സഭയില്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനാണെന്നും ആരോപണം ഉന്നയിക്കുന്ന ആള്‍ ആര്യാടന്‍ മുഹമ്മദിന്റെ ബിനാമിയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനവും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ ചാനല്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel