സണ്ണിയെ കാണാന്‍ പോയ മലയാളികളെ പുച്ഛിച്ച് സേതു

കൊച്ചിയിലെ സണ്ണി ലിയോണ്‍ മാനിയ വിവാദമാകുന്നു. താരത്തിന് വേണ്ടി പൊലീസിന്റെ തല്ലുകൊണ്ട യുവത്വത്തിനു നേരേ പുച്ഛവും പരിഹാസവുമായി എഴുത്തുകാരന്‍ സേതുവാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ഇതോ ദൈവത്തിന്റെ സ്വന്തം നാടെ’ന്ന ചോദ്യമാണ് സേതു ഉന്നയിക്കുന്നത്.

സണ്ണി ലിയോണ്‍ വന്ന വേദിയില്‍ ആരാധകത്തിരക്കുമൂലം പൊലീസ് ലാത്തിചാര്‍ജ്ജ് നടന്നതിനു പിന്നാലേയാണ് സേതു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നത്. സണ്ണി എത്തിയപ്പോള്‍ ജനം തിക്കുംതിരക്കും കൂട്ടിയതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ വിപണന ശൃംഖലയുടെ കൊച്ചി എംജി റോഡ് ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് സണ്ണി എത്തിയത്.

ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ക്ക് മുന്‍പേ മഹാരാജാസ് ഗ്രൗണ്ടിന് മുന്‍പിലുള്ള റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടം താരദര്‍ശനത്തിനായി തടിച്ചുകൂടിയിരുന്നു.

രാവിലെ 11 മണിയോടെ താരം എത്തുമെന്ന് അറിയിച്ചെങ്കിലും 12.30യ്ക്കാണ് താരം വേദിയില്‍ എത്തിയത്. താരം വൈകിയിട്ടും വരുമോ ഇല്ലയോ എന്ന സംശയം പരന്നിട്ടും വെയിലു മൂത്തിട്ടും നേരം നട്ടുച്ച കഴിഞ്ഞിട്ടും ജനം നിന്ന നില്‍പുനില്ക്കുകയായിരുന്നു. ഒടുവില്‍ തിക്കും തിരക്കും മൂത്ത് പൊലീസിനു വടിയെടുക്കേണ്ടതായും വന്നു. അവരുടെ തല്ലും കൊണ്ട് ആരാധകര്‍ താരത്തെക്കണ്ടു.

ഈ പങ്കപ്പാടാണ് സേതുവിനെ ചൊടിപ്പിച്ചത്.

‘സണ്ണി ലിയോണിനെ കാണാനായി ആയിരങ്ങള്‍’ എന്ന പരാമര്‍ശത്തോടെയാണ് പ്രതികരണം തുടങ്ങുന്നത്. ‘ദൂരെ നിന്നെങ്കിലും കാണാനായത് ദൈവകൃപയെന്നു പറയുന്ന യുവത്വ’ത്തെച്ചൂണ്ടി സേതു അത്ഭുതം കൂറുന്നു. ‘ഇതാണ് ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരിഹാസവും അദ്ദേഹം ഉതിര്‍ക്കുന്നു. ആശ്ചര്യചിഹ്നത്തോടെയാണ് സേതു ചെറുതെങ്കിലും തീക്ഷ്ണമായ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News