സണ്ണിയെ കാണാനെത്തിയവര്‍ക്കെതിരെ കേസ്; മൊബൈല്‍ ഫോണ്‍ കടയുടമയ്‌ക്കെതിരെയും നടപടി

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ കൊച്ചിയില്‍ ഉദ്ഘാടനത്തിനെത്തിച്ച മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പൊലീസ് കേസ്. സണ്ണി എത്തിയതിനെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം തടസപ്പെട്ടതിനാണ് കേസ് എടുത്തിരിക്കുന്നത്.

കടയുടെ സമീപത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ, കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയതായും സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

മെട്രോയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റില്‍ ബാരിക്കേഡും ആരാധകപ്രളയത്തില്‍ തകര്‍ന്നു വീണിരുന്നു. കടയുടെ സമീപത്തെ എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആരാധകര്‍ കയറിയതോടെ അതും തകര്‍ന്നു വീണിരുന്നു.

സണ്ണി എത്തിയപ്പോള്‍ ആരാധകര്‍ തിക്കുംതിരക്കും കൂട്ടിയതോടെ പൊലീസ് ലാത്തി വീശുകയും ചെയ്തു. ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ക്ക് മുന്‍പേ റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടമാണ് സണ്ണിയെ കാണാന്‍ തമ്പടിച്ചിരുന്നത്. രാവിലെ 11 മണിയോടെ താരം എത്തുമെന്ന് അറിയിച്ചെങ്കിലും 12.30യ്ക്കാണ് താരം വേദിയില്‍ എത്തിയത്. ആവേശത്തോടെയാണ് സണ്ണിയെ മലയാളികള്‍ സ്വീകരിച്ചത്.

മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും സണ്ണി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here